മൃഗങ്ങളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നത് അപൂർവ സംഭവമല്ല. എന്നാൽ കഴിഞ്ഞദിവസം കർണാടകയിലെ ബെൽഗാമിൽ നടന്ന ശസ്ത്രക്രിയ പ്രാദേശികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. കെദ്നൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ ജെസിബി കയറിയിറങ്ങി ഗുരതരമായി പരിക്കേറ്റ മൂർഖൻ പാന്പിനാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്.
മൂർഖന്റെ വാലിനോടു ചേർന്നുള്ള ഭാഗമാണു ജെസിബി കയറി ചതഞ്ഞത്. പരിക്കേറ്റു പിടയുന്ന മൂർഖന്റെ അടുത്തേക്കു ചെല്ലാൻ എല്ലാവരും മടിച്ചു. ചിലർ സർപ്പത്തെ തല്ലിക്കൊല്ലണമെന്നുവരെ അഭിപ്രായപ്പെട്ടു. എന്നാൽ ഫാം ഉടമ, സർപ്പത്തെ കൊല്ലുന്നതു തടഞ്ഞു.
മാത്രമല്ല, അദ്ദേഹം സ്നേക്ക് റെസ്ക്യു ടീമിന്റെ സഹായം തേടി. അവർ സ്ഥലത്തെത്തി പാമ്പിനെ കൂട്ടിലാക്കി ബെൽഗാം മഹന്തേഷ് നഗറിലെ സർക്കാർ മൾട്ടിസ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
ജീവൻ അപകടത്തിലാകുന്ന അവസ്ഥയിലെത്തിയ മൂർഖനെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. വിഷസർപ്പം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവം എന്തായാലും മൃഗസ്നേഹികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.