സൗന്ദര്യം വർധിപ്പിക്കുന്നതിനായി ആളുകൾ ഇപ്പോൾ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. സെലിബ്രിറ്റികളെ കൂടാതെ നിരവധി സാധാരണക്കാരും സൗന്ദര്യ വർധന ശസ്ത്രക്രിയ നടത്തുന്നുണ്ട്.
ഇത്തരത്തിൽ ചൈനയിൽ നിന്നൊരു സ്ത്രീ അവരുടെ സ്തനസൗന്ദര്യം വർധിപ്പിക്കുവാനായി നടത്തിയ ശസ്ത്രക്രിയയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ശസ്ത്രക്രിയ നടത്തുമ്പോൾ അനസ്തേഷ്യ നൽകിയതിനാൽ യുവതി മയക്കത്തിലായിരുന്നു. ഇതിനിടെ രഹസ്യമായി പകർത്തിയെടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരിക്കുന്നത്.
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ആശുപത്രിയിൽ വച്ചാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. വീഡിയോയിൽ യുവതിയെ വ്യക്തമായി തിരിച്ചറിയാൻ കഴിയും.
എന്നാൽ വീഡിയോ പകർത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രിയോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് നൽകാൻ തയാറായില്ലെന്ന് യുവതി പറഞ്ഞു.
ഇത് ചെയ്തയാൾ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു.
സംഭവത്തിൽ ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങൾ പകർത്തിയത്, സിസിടിവി ദൃശ്യങ്ങൾ മൂന്നുമാസം കൂടുമ്പോൾ ഡിലീറ്റ് ചെയ്യാറുണ്ടെന്നും അതിനാൽ ആളെക്കണ്ടെത്താനാകില്ല എന്നുമൊക്കെയാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.