ഗാന്ധിനഗര്: കോട്ടയം മെഡിക്കല് കോളജില് വെള്ളമില്ലാത്തതിനെത്തുടര്ന്ന് ശസ്ത്രക്രിയകൾ മാറ്റി.പ്രധാന തിയറ്ററിലെ ശസ്ത്രക്രിയകളാണു മാറ്റിവച്ചത്.
ജനറല് സര്ജറി വിഭാഗത്തില് പത്ത്, അസ്ഥിരോഗ വിഭാഗം- എട്ട്, ന്യൂറോസര്ജറി വിഭാഗം- രണ്ട്, ഗൈനക്കോളജി- മൂന്ന്, മേജര് ശസ്ത്രക്രിയ മറ്റുവിഭാഗം-അഞ്ച് എന്നിങ്ങനെ 28ഓളം ശസ്ത്രക്രിയകളാണു മാറ്റിയത്.
പൈപ്പിന്റെ തകരാര് മൂലമാണു ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര് അഥോറിറ്റി അധികൃതര് അറിയിച്ചെന്നും വാര്ഡുകളില് പ്രാഥമിക കൃത്യനിര്വഹണത്തിനുപോലും വെള്ളമില്ലാത്തതുകൊണ്ട് ഫയര് ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും ആശുപത്രി അധികൃതര് അറിയിച്ചു.
ആശുപത്രിവളപ്പിൽനിന്ന് കടത്തിയ തടി തിരികെകൊണ്ടുവന്നു
ഗാന്ധിനഗര്: മെഡിക്കല് കോളജ് കുട്ടികളുടെ ആശുപത്രിയില്നിന്നു കടത്തിക്കൊണ്ടുപോയ ടണ് കണക്കിനു തടി തിരികെകൊണ്ടുവന്നിട്ടു.
കുട്ടികളുടെആശുപത്രിയില് പുതിയ കെട്ടിടം നിര്മിക്കാനായി കോമ്പൗണ്ടില് നില്ക്കുന്ന മരങ്ങള് വെട്ടിമാറ്റാന് വനംവകുപ്പ് കോളജ് പ്രിന്സിപ്പലിനു അനുമതി നല്കുകയും തുടര്ന്നു മരം വെട്ടി മാറ്റുവാന് കരാര് നല്കയും ചെയ്തു.
വെട്ടിമാറ്റുന്ന തടികള് അവിടെത്തന്നെ ഇടണമെന്നായിരുന്നു ഉടമ്പടി. എന്നാല് വെട്ടിയിട്ട ടണ് കണക്കിനു മരങ്ങള് വ്യാഴാഴ്ച കരാറുകാരന് അനധികൃതമായി ലോറിയില് കയറ്റിക്കൊണ്ടുപോയി.
ഇതു ശ്രദ്ധയില്പ്പെട്ട കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ് പ്രിന്സിപ്പലിനെയും പൊതുമരാമത്തു കെട്ടിട നിര്മാണ വിഭാഗം മേധാവിയെയും വിവരം അറിയിച്ചു.
ഇവര് ഉടന് തന്നെ പോലീസില് വിവരം നല്കുകയും കെട്ടിട നിര്മാണത്തിന്റെയും മരം വെട്ടുന്നതിനും കരാര് എടുത്ത കരാറുകാരോടു ഹാജരാകുവാന് നിര്ദ്ദേശിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രിന്സിപ്പല് ഓഫീസില് കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. യോഗത്തിലെത്തിയ കരാറുകാര് കൊണ്ടുപോയ തടികള് മുഴുവന് തിരികെ കൊണ്ടുവന്നു കോമ്പൗണ്ടില് ഇട്ടു കൊള്ളാമെന്നു സമ്മതിക്കുകയായിരുന്നു.