സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ സൈന്യം പാക് അധീന കാഷ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന വാദത്തെ എതിര്‍ത്തുകൊണ്ടിരുന്ന പാക്കിസ്ഥാന് കടുത്ത തിടിച്ചടി. 29ന് രാത്രി നടന്ന സംഭവങ്ങള്‍ വിവരിക്കുന്ന പാക്കിസ്ഥാന്‍കാരുടെ ദൃക്സാക്ഷി വിവരണം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം പുറത്തുവിട്ടു. പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ വലിയ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയതെന്ന് ഈ വിവരങ്ങളില്‍ നിന്ന് വ്യക്തം.
സെപ്റ്റംബര്‍ 29ലെ ആക്രമണത്തിനു സാക്ഷിയായ അഞ്ച് പാക്കിസ്ഥാന് സ്വദേശികളാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയത്. സുരക്ഷകാരണങ്ങളാല്‍ ഈ ദൃക്സാക്ഷികളുടെ പേരു വിവരങ്ങള്‍ പത്രം വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള ദുനിയാല്‍ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ നല്കുന്ന വിവരണം ഇങ്ങനെ: അന്ന് രാത്രി വരെ എല്ലാം സാധാരണ പോലെയായിരുന്നു. എന്നാല്‍ പാതിരാത്രിയില്‍ വലിയ ശബ്ദങ്ങള്‍ കേട്ടു. സ്ഫോടനശബ്ദങ്ങളായിരുന്നു. വലിയ മെഷീന്‍ഗണ്ണുകള്‍ തീതുപ്പുന്നതുപോലെ. ഇരു സൈന്യങ്ങളും നടത്തുന്ന പതിവ് വെടിവയ്പ് പോലെയായിരുന്നില്ല അത്.
ഭയന്നുപോയ തദ്ദേശവാസികളായ സാധാരണക്കാര്‍ ആരും തന്നെ പുറത്തിറങ്ങി നോക്കാന്‍ ധൈര്യപ്പെട്ടില്ല. ഇന്ത്യക്കെതിരേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇവിടെ താമസിക്കുന്നവരിലേറെയും. പലരും ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്നാണു ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. രാത്രിയില്‍ ഇന്ത്യന്‍ സൈനികരെ കണ്ടില്ലെങ്കിലും രാവിലെ അവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നു, അവര്‍ നമ്മുടെ ആളുകളെ കൊന്നൊടുക്കി, ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നുവെന്ന്. പുലര്‍ച്ചെ ഒരു ട്രക്കില്‍ ശവശരീരങ്ങളുമായി അവര്‍ (തീവ്രവാദികള്‍) പോകുന്നതു കണ്ടു. പല മൃതദേഹങ്ങളും വെടികൊണ്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു. നീലം നദിയുടെ തീരത്തേക്കാണ് ആ ട്രക്ക് പോയത്.
ഇന്ത്യന്‍ സേന അവകാശപ്പെടുന്ന അത്രയും പേര് ആക്രമണത്തില്‍ മരിച്ചിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 38നും 50നും ഇടയ്ക്ക് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അത്രയധികം പേര് മരിച്ചിട്ടുണ്ടാവില്ലെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. ആക്രമണം നടന്നത് എവിടെയൊക്കെ എന്നതു സംബന്ധിച്ചും ഏകദേശ രൂപം ഇവരുടെ വാക്കുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍നിന്ന് നാല് കിലോമീറ്റര്‍ മാറിയുള്ള ദുദ്നിയാലില്‍ കനത്ത വെടിവെപ്പുണ്ടായി. പാക് സൈന്യത്തിന്റെയും ലഷ്കര്‍ ഇ തൊയ്ബയുടെയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹാവി ബ്രിഡ്ജില്‍ കനത്ത സ്ഫോടനവും. ആക്രമണം നടന്നിട്ടില്ലെന്ന പാക് നിലപാടിന് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.