മുഹമ്മ: പച്ചക്കറി കൃഷിയിലൂടെ കേരളമാകെ പുകൾപെറ്റ നാടാണ് കഞ്ഞിക്കുഴി. കൊണ്ടൽകൃഷി മാത്രമല്ല പൂകൃഷിയും ഈ മണ്ണിൽ വിജയിക്കുമെന്ന് തെളിയിക്കുകയാണ് യുവകർഷകനായ സുജിത്.
രണ്ടേക്കർ പാടശേഖരമാകെ സൂര്യകാന്തി പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുകയാണ്. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ സൂര്യകാന്തിക്കൃഷി ലാഭകരമല്ലെങ്കിലും ഇടവിളക്കൃഷിയുടെ സഹായത്തോടെ വിജയത്തിലേക്ക് ചുവടുവയ്ക്കുകയാണ് സുജിത്.
സൂര്യകാന്തിക്കൊപ്പം ഇടവിളയായി പാകുന്ന വെള്ളരിയും ചീരയും സൂര്യകാന്തി മൊട്ടിടുന്നതിനു മുൻപേ വിളവെടുപ്പിനു പാകമാകും. രണ്ടേക്കറിലായി ഒന്നരക്കിലോ സൂര്യകാന്തി വിത്താണ് പാകിയത്.
കാർഷിക മേഖലയ്ക്ക് പൂക്കളുടെ ചാരുതയേകുന്നത് ടൂറിസ്റ്റുകളെ ആകർഷിക്കുമെന്ന് സുജിത് പറയുന്നു.
കഞ്ഞിക്കുഴിയിലെ കാരിക്കുഴിയിലാണ് പൂപ്പാടം കാണികളെ മാടിവിളിക്കുന്നത്.
മുഹമ്മ സ്വദേശി ഔസേപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പാടത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ കഴിഞ്ഞ അഞ്ചു വർഷമായി സുജിത്തിന്റെ പിതാവും കൂട്ടുകാരും നെൽകൃഷി ചെയ്യുന്നുണ്ട്.
വീട്ടാവശ്യത്തിനുള്ള അരി കിട്ടും. ഇത്തവണ വിളവെടുപ്പ് കഴിഞ്ഞപ്പോഴാണ് പൂക്കൃഷിയെക്കുറിച്ച് ആലോചിച്ചത്. ആറായിരം സൂര്യകാന്തിയാണ് തുടക്കത്തിൽ നട്ടത്.
കൃഷി വിജയിച്ചതോടെ അഭിനന്ദനപ്രവാഹമായി. നിരവധിപ്പേർ കാഴ്ച കാണാനും ചിത്രങ്ങളെടുക്കാനും എത്തുന്നു.
ചെറിയൊരു ഫീസ് വാങ്ങിയാണ് പൂപ്പാടത്തേക്ക് പ്രവേശിപ്പിക്കുന്നതെങ്കിലും വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.