പാലക്കാട്: നാട്ടുകാരുടെ കാട്ടാനപേടിയെ കാട്ടിലേക്കു കയറ്റിവിടാൻ അടവുകൾ പഠിച്ച് സൂര്യൻ എത്തി. മുതുമലയിൽ നിന്നും പരിശീലനം കഴിഞ്ഞ കുങ്കിയാന സൂര്യനെ വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശർക്കര നൽകിയാണ് സ്വീകരിച്ചത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തിലാണ് കുങ്കിയാനയെ സ്വീകരിച്ചത്.
ഒലവക്കോട്, വാളയാർ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നാണ് കുങ്കിയാനകളെ കൊണ്ടുവരാൻ തീരുമാനിച്ചത്. മൃഗസംരക്ഷണവും പരിശീലനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മുതുമലയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും മൂന്നു മാസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയാണ് കുങ്കിയാന എത്തിയിരിക്കുന്നത്.
രണ്ട് കുങ്കി ആനകളാണ് ജില്ലയിൽ എത്തുന്നത്. ഇതിൽ ഒരാനയെയാണ് നിലവിൽ എത്തിച്ചിരിക്കുന്നത്. വയനാട്ടിലെ ബേസ് ക്യാന്പിൽ നിന്നും ഒരാഴ്ചയ്ക്കകം സുരേന്ദ്രനെന്ന കുങ്കി ആന കൂടി എത്തിച്ചേരും. ധോണി മേഖലയിൽ ഇന്ന് മുതൽ സൂര്യൻ എന്ന കുങ്കിയാനയെ ഉപയോഗിച്ച് പട്രോളിങ് നടത്തും. സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന മേഖലയിലാണ് ഇവയുടെ സേവനം ഉപയോഗിക്കുക.
അരിമണിക്കാട്, പന്നിമട, ആറങ്ങോട്ടുകുളന്പ്, ഉൗരോലി, ധോണി, കോർമ, ഞാറക്കോട്, പുളിയംപുള്ളി, പരുത്തി, തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പട്രോളിങ്. കാടിറങ്ങി വരുന്ന ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റി വിടുക എന്നതാണ് കുങ്കിയാനയുടെ ജോലി. കാടു കയറാത്ത ആനയെ ബലം പ്രയോഗിച്ചും അടവുകൾ പയറ്റിയുമാണ് കാടു കയറ്റുക.
കൂടാതെ കാട്ടാനകൾ സ്ഥിരമായി വരുന്ന പ്രദേശങ്ങളിൽ കുങ്കികൾ തന്പടിക്കും. അതിനാൽ കാട്ടാനകൾ ഇവിടേക്കുള്ള സഞ്ചാരം കുറയ്ക്കും. വയനാട്, കർണാടകം എന്നിവിടങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ കുങ്കിയാനകളെ പരീക്ഷിക്കാൻ തീരുമാനിച്ചത്.
സ്ഥിരമായി കാട്ടാനശല്യം ഉള്ള പ്രദേശങ്ങളിൽ അടിക്കാട് വെട്ടിയും സോളാർ ഫെൻസിങ് സ്ഥാപിച്ചും മതിൽ കെട്ടിയും പ്രതിരോധം തീർക്കുന്നുണ്ട്. ഇതെല്ലാം മറികടന്ന് വരുന്ന കാട്ടാനകളെ നേരിടാനാണ് കുങ്കിയാനകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തിൽ കാട്ടാനശല്യം കുറയ്ക്കാനായാൽ കുങ്കികളുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തും.
കാട്ടാനശല്യം മറികടക്കുന്നതിനായി നിരവധി മാർഗങ്ങൾ വനം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഈ തടസങ്ങളെല്ലാം മറികടന്നാണ് ആനകൾ നാട്ടിലിറങ്ങുന്നത്. ഇതിന് ആധുനിക രീതിയിൽ ജി.പി.എസ് സംവിധാനമുള്ള റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ പദ്ധതി. ഇതിലൂടെ ആനകളുടെ നീക്കം കൃത്യമായി അറിയാനാവും. ഇതിനു പുറമെ കാടിനോട് ചേർന്ന് കിടക്കുന്ന 50 ഹെക്ടർ കൃഷിസ്ഥലം ഏറ്റെടുത്ത് ആനകളെ നാട്ടിലിറങ്ങുന്നത് തടയാനും വനംവകുപ്പിന് പദ്ധതിയുണ്ട്.
ഈസ്റ്റേണ്‍ സർക്കിൾ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ ഷെയ്ക്ക് ഹൈദർ ഹുസൈൻ, വൈൽഡ് ലൈഫ് ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ ബി.എൻ.അഞ്ജൻകുമാർ, പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു തുടങ്ങിയവർ കുങ്കിയാനയെ സ്വീകരിക്കാൻ എത്തിച്ചേർന്നു.
ഇതിനു പുറമെ കാട്ടാനശല്യം നേരിടുന്ന മലന്പുഴ നിയോജകമണ്ഡലത്തിലെ മുണ്ടൂർ, മരുതറോഡ്, മലന്പുഴ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ആനയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.