വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ മൂന്നാംവാർഡ് കോണ്ഗ്രസ് മെംബർ ആർ.സുരേഷ് എല്ലാറ്റിലും വ്യത്യസ്തനാണ്. സ്വന്തമായി വീടില്ലെങ്കിലും മെംബർ എന്ന നിലയിൽ ലഭിക്കുന്ന അലവൻസിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമാണ്.
കഴിഞ്ഞദിവസവും വാർഡിലെ വൃദ്ധജനങ്ങളുമായി തിരുവനന്തപുരത്തേക്ക് ടൂർ പോയി. തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, മ്യൂസിയം, കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയ കാഴ്ചകൾ കണ്ടാണ് മെംബർ സുരേഷിന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം തിരിച്ചെത്തിയത്. ബസ് വാടകയ്ക്ക് വിളിച്ചാണ് ടൂർ പോയത്.
ബസിന്റെ വാടകയും മറ്റു ചെലവുകളുമെല്ലാം ഏറിയ പങ്കും എടുക്കുക സുരേഷ് തന്നെ. വാടകവീട്ടിൽ ചെറിയ തോതിലുള്ള കാറ്ററിംഗ് പരിപാടികളുള്ളതിനാൽ രണ്ടുദിവസത്തെ ടൂറിന് ഭക്ഷണസാധനങ്ങളും കരുതിയിരുന്നു.ഇതുവരെ സ്വന്തംനാടുവിട്ട് പുറംലോകം കാണാത്തവർ, കാഴ്ചകളുടെ വർണഭംഗി ആസ്വദിക്കാത്തവർ, സമൂഹം ഒറ്റപ്പെടുത്തിയവർ തുടങ്ങിയവരെയാണ് ടൂറിനായി സുരേഷ് കൊണ്ടുപോകുക.
തന്നാലാകുന്നത് മറ്റുള്ളവർക്കായി ചെയ്യുകയെന്ന ലളിതമായ ആദർശങ്ങളെ നാല്പതുകാരനായ സുരേഷിനുള്ളൂ.ചെരിപ്പോ വാഹനമോ സുരേഷിനില്ല. നഗ്നപാദനായിട്ടാണ് വാർഡിൽ കറങ്ങുക. വലിയ ആകാരഭംഗിയോ ആൾക്കൂട്ടമോ സുരേഷിനില്ല. എന്നാൽ വാർഡിലെ ഓരോ കൊച്ചുകുട്ടിക്കും സുരേഷ് മെംബറെ അറിയാം. അതിനു രാഷ്ട്രീയമോ മതമോ വ്യത്യാസങ്ങളില്ല.
പഞ്ചായത്തിലെ ഒന്നാംവാർഡായ വള്ളിയോടാണ് കഴിഞ്ഞതവണ സുരേഷ് മെംബറായിരുന്നത്. എന്നാൽ ഒന്നാംവാർഡ് വനിതാ സംവരണമായപ്പോൾ മൂന്നാംവാർഡിലേക്ക് മാറി. സ്ഥിരമായി എൽഡിഎഫ് വിജയിക്കുന്ന വാർഡുകളിലാണ് സുരേഷ് തന്റെ പ്രവർത്തനമികവിൽ അജയ്യനായി തുടരുന്നത്. ഭാര്യയും രണ്ടു ചെറിയ കുട്ടികളും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം.