ന്യൂഡൽഹി: വാടക ഗർഭധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം ഏഴ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വാടക ഗർഭധാരണവുമായി മുന്നോട്ടുപോകാൻ അസാധാരണമായ ഉത്തരവിലൂടെ ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ദന്പതികൾക്ക് അനുമതി നൽകി.
പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം പൂർണമായും സ്റ്റേ ചെയ്തേക്കുമെന്ന സൂചനയും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നൽകി.
വാടക ഗർഭധാരണ നിയമത്തിലെ ചട്ടങ്ങളിൽ 2023 മാർച്ചിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭേദഗതിപ്രകാരം വാടക ഗർഭധാരണത്തിനായി ശ്രമിക്കുന്ന ദന്പതികൾ സ്വന്തം ബീജവും അണ്ഡവും മാത്രമേ അതിനായി ഉപയോഗിക്കാവൂ.
പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം നിരോധിച്ചിരുന്നു. ഇതിനെതിരേയാണ് 12 ദന്പതികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിൽ ഏഴു ദന്പതികൾക്കാണ് പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.