തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടിയത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍.
സാധാരണ ഗതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്, മുൻ സംസ്ഥാന ഭാരവാഹികൾ എന്നിവർക്കാണ് കോർ കമ്മിറ്റിയിൽ സ്ഥാനം കിട്ടുക.
സുരേഷ് ഗോപി ബിജെപിയുടെ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല. പാർട്ടി സംസ്ഥാന നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്നും ഏറെ നാളായി അകന്ന് നിൽക്കുകയായിരുന്നു.
വീണ്ടും സിനിമാ മേഖലയിൽ സജീവമായ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടായിരുന്നു.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളില്‍ ഇനി സുരേഷ് ഗോപി പങ്കെടുക്കേണ്ടി വരും.
സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായി കരുതുന്നു.