കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയശേഷം കോട്ടയം താഴത്തങ്ങാടിയിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി സുറുമിയെ കാസർഗോഡ് പോലീസെത്തി അറസ്റ്റ് ചെയ്തു. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി തിരികെ നല്കാമെന്നു പറഞ്ഞാണു താഴത്തങ്ങാടി സ്വദേശികളായ ആറു പേരിൽ നിന്നും സുറുമി 25 ലക്ഷം രൂപയോളം തട്ടിയെടുത്തത്.
ഈ കേസുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സുറുമിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കാസർഗോഡ് നിന്നെത്തിയ പോലീസ് സംഘം ജയിലിലെത്തിയാണു സുറുമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു കസ്റ്റഡിയിൽ വാങ്ങുന്നതിനായി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
കാസർഗോഡ്, മൂവാറ്റുപുഴ, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത സുറുമിയെക്കുറിച്ചും വിദേശത്തുള്ള ഇവരുടെ ഭർത്താവിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കാസർഗോഡ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ സുറുമിയുടെ ഭർത്താവ് ഷെരീഫും പ്രതിയാണ്.
കാസർഗോഡ് പതിനഞ്ചു പേരിൽ നിന്നായി ഒന്നരക്കോടി രൂപയും, മൂവാറ്റുപുഴയിലെ നിരവധിപ്പേരിൽ നിന്നായി പതിനഞ്ചു ലക്ഷത്തോളം രൂപയും സുറുമി തട്ടിയെടുത്തതായാണ് കേസ്. താഴത്തങ്ങാടിയിൽ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങാനുള്ള ശ്രമത്തിനിടെയാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. സുറുമി പിടിയിലായ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു നിരവധി പേരാണു പരാതിയുമായി കോട്ടയം പോലീസിനെ സമീപിച്ചത്.