സീമ മോഹന്‍ലാല്‍
കൊച്ചി: ‘ബങ്കറിനുള്ളില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആറു ദിവസം പിന്നിടുന്നു. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെ ള്ളവും തീര്‍ന്നു.
സ്വന്തം റിസ്കില്‍ പുറത്തുപോയി ഭക്ഷണം വാങ്ങാനാണ് പറയുന്നത്. അതിനിടെ കര്‍ണാടക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാർത്ത വന്നതോടെ ആരും ബങ്കർ വിട്ടിറങ്ങാൻ തയാറാകുന്നില്ല.
പുറത്ത് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ബോംബും മിസൈലുകളും വീഴുന്ന ശബ്ദം കേള്‍ക്കാം. ആണവായുധം പരീക്ഷിക്കുമെന്നും കേൾക്കുന്നു.
ഭയാനകമായ അവസ്ഥയാണിവിടെ”- ഖാർകീവിലെ അണ്ടര്‍ മെട്രോ പെരിമോഹ സ്റ്റേഷനിലെ ബങ്കറിനുള്ളിലിരുന്ന് എറണാകുളം പള്ളുരുത്തി സ്വദേശിനി വി.എന്‍. സുറുമി നിർത്താതെ ഫോണിൽ പറഞ്ഞുകൊണ്ടിരുന്നു.
കളത്തിപ്പറമ്പില്‍ നസീര്‍-സ്മിത ദമ്പതികളുടെ ഏക മകളായ സുറുമി ഖാര്‍കീവ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.
2021 ഡിസംബറിലാണ് യുക്രെയ്നില്‍ മെഡിസിന് ചേര്‍ന്നത്. കാമ്പസിനു പുറത്തുള്ള വാഴ്സിറ്റി ഹോസ്റ്റലിലായിരുന്നു താമസം.
ഏഴു ദിവസം മുമ്പ് യുദ്ധം തുടങ്ങിയപ്പോള്‍ സുരക്ഷിതസ്ഥലമെന്ന രീതിയില്‍ അടുത്തുള്ള മെട്രോയുടെ ബങ്കറിലേക്ക് മാറാനായി യൂണിവേഴ്സിറ്റി അധികൃതരാണ് മുന്നറിയിപ്പ് നല്‍കിയത്.
അതനുസരിച്ച് സുറുമി ഉൾപ്പെടെ 15 ഓളം മലയാളി വിദ്യാര്‍ഥികളും ബങ്കറിനുള്ളിലേക്ക് മാറി. ഇന്ത്യക്കാരും യുക്രെയ്ന്കാരുമുള്പ്പെടെ 600ഓളം പേരാണ് ഈ ബങ്കറിനുള്ളില്‍ തിങ്ങിക്കഴിയുന്നത്.
ബങ്കറിനുള്ളില്‍ വന്ന ആദ്യദിനങ്ങളില്‍ രണ്ടു ദിവസം രാവിലെ 11 നും 12 നുമിടയില്‍ ഹോസ്റ്റലില്‍ പോയി ഫ്രഷ് ആകാനും ഭക്ഷണം തയാറാക്കിക്കൊണ്ടുവരാനുമൊക്കെ അനുമതി കിട്ടിയിരുന്നു. ഞായറാഴ്ച മുതല്‍ സ്ഥിതിഗതികള്‍ അതീവരൂക്ഷമായെന്ന് സുറുമി പറയുന്നു.
‘രണ്ടു ദിവസം മുമ്പ് ബങ്കറിനു പുറകുവശത്തെ വാതിലിലൂടെ ഭക്ഷണം വാങ്ങാനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാന്‍ യുക്രെയ്ന് സൈന്യം ഞങ്ങളെ അനുവദിച്ചു.
അവിടെയൊന്നും ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ല. കുറച്ചു ബിസ്ക്കറ്റും മിഠായിയും വെള്ളവും മാത്രമാണു കിട്ടിയത്. അതു തീര്‍ന്നു.
എടിഎമ്മില്‍ പൈസയില്ല. ഇടയ്ക്ക് നെറ്റ് കട്ടാകും. ഇടയ്ക്ക് വെളിച്ചമില്ല. മൊബൈലിന്റെ ടോര്‍ച്ച് ഓണാക്കി വയ്ക്കും. ഈ ബങ്കറില്‍ മുന്നൂറോളം ഇന്ത്യക്കാരാണുള്ളത്.
‘വടക്കന്‍ പ്രദേശത്തുള്ളവര്‍ ബങ്കറില്‍തന്നെ ഇരിക്കാനാണ് ഇന്ത്യന്‍ എംബസി നിലവിൽ നിർദേശിച്ചിരിക്കുന്നത്.
അത്യാവശ്യ സാധനങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത് റെഡിയായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
സാഹചര്യം അനുകൂലമായാൽ ബസില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് മാറ്റുമെന്നാണ് കേള്‍ക്കുന്നത്. അങ്ങോട്ടുള്ള ട്രെയിനുകളിലെല്ലാം സ്വദേശികളുടെ തിരക്കാണ്.
ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏറ്റവും അടുത്ത പ്രദേശം അതിര്‍ത്തിയായ റഷ്യയാണ്. പോളണ്ട്, റുമേനിയ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ റോഡുമാര്‍ഗം 12 മണിക്കൂര്‍ സഞ്ചരിക്കണം.
അത് വളരെയധികം റിസ്കാണ്. റഷ്യയില്‍നിന്ന് അനുമതി കിട്ടിയാലേ ഇവിടെനിന്ന് രക്ഷപ്പെടാനാവൂ. ഇന്ത്യന്‍ എംബസി ഇതിനായി ഞങ്ങളെ സഹായിക്കണമെന്നാണ് അപേക്ഷ”- ഇടറുന്ന വാക്കുകളിൽ സുറുമി പറയുന്നു.