ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന നാളുകളാണിത്. ജനങ്ങളുടെ ശ്രദ്ധയും താത്പര്യവും നേടിയെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്നതും അതേസമയം അടുത്ത തവണയും ഭരണം കരസ്ഥമാക്കാം എന്ന് ആഗ്രഹം കൊണ്ടുനടക്കുന്നവരെയും വെട്ടിലാക്കുന്നതാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങറുന്ന പല സംഭവങ്ങളും പല റിപ്പോര്‍ട്ടുകളും.
2014 മാര്‍ച്ചിനുശേഷമുള്ള കാലഘട്ടത്തെ ഈ അഭിപ്രായ സര്‍വേയുടെ നിഗമനങ്ങള്‍ പരിശോധിച്ചാല്‍ നോട്ടുനിരോധനം നടപ്പാക്കിയതിനു ശേഷമുള്ള കാലഘട്ടത്തിലാണ് പൊതുവില്‍ സാമ്പത്തികനില മോശമായി കാണപ്പെട്ടത്. അതായത് 2016 നവംബറിന് ശേഷമുള്ള കാലഘട്ടത്തിലേത്.
മൊത്തം സര്‍വേയില്‍ പങ്കെടുത്തവരില്‍ പൊതു സാമ്പത്തികസ്ഥിതിമോശമായി എന്ന് പറഞ്ഞവരുടെ വിഹിതം, 2016 സെപ്റ്റംബറില്‍ 25 ശതമാനം ആയിരുന്നത് ഏതാണ്ട് തുടര്‍ച്ചയായി വര്‍ധിച്ച് 2018 സെപ്റ്റംബറില്‍ 43 ശതമാനമായി. പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടവരുടെ വിഹിതം 45% ആയിരുന്നത് ഏതാണ്ട് തുടര്‍ച്ചയായി കുറഞ്ഞ് 34% ആയി.
തൊഴില്‍നില ഏതാണ്ട് തുടര്‍ച്ചയായി മോശപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം പേരും അഭിപ്രായപ്പെട്ടത്. 2016 സെപ്റ്റംബറില്‍ ഇവരുടെ വിഹിതം 32% ആയിരുന്നത് 2018 സെപ്റ്റംബറില്‍ 46% ആയി വര്‍ധിച്ചു.
ഈ കാലയളവില്‍ പൊതുവില്‍ വില വര്‍ധിക്കുകയും ജനങ്ങളുടെ സാമ്പത്തികബാധ്യത കൂടുകയും ചെയ്തുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്നിലധികം പേരും അഭിപ്രായപ്പെട്ടത്. ഇവരുടെ വിഹിതം 2016 സെപ്റ്റംബറില്‍ 78% ആയിരുന്നത് 2018 സെപ്റ്റംബറില്‍ 88 ശതമാനമായി വര്‍ധിച്ചു. വരുമാനത്തിന്റെ കാര്യത്തില്‍ ഈ കാലയളവില്‍ വരുമാനം കുറയുന്നവരുടെ വിഹിതം വര്‍ധിക്കുകയും വരുമാന വര്‍ധന ഉണ്ടായവരുടെ വിഹിതം കുറയുകയുമാണ് ഉണ്ടായിട്ടുള്ളത്.
വരുമാനത്തിന്റെ കാര്യത്തില്‍ ഇടിവ് അനുഭവപ്പെടുമ്പോഴും ചെലവിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി.അതില്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ നഗര പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്നും തൊഴിലും വരുമാനവും ഇടിയുന്നുവെന്നും വിലക്കയറ്റവും മറ്റും കാരണമുള്ള സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുന്നു എന്ന സ്ഥിതിയാണ് ഈ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇതില്‍ ഉള്‍പ്പെടാത്ത ഗ്രാമീണജനതയുടെ സ്ഥിതി പറയേണ്ട കാര്യമേയില്ലല്ലോ. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് മുക്കാല്‍ ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് വസിക്കുന്നതെന്ന സ്ഥിതി കൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ നിസഹായവസ്ഥ വര്‍ണനാതീതമാണ്.