ന്യൂഡൽഹി: നാനൂറ് സീറ്റും മൂന്നാം വട്ടവും അധികാരവും ലക്ഷ്യമിട്ടു തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തെ സര്‍വേ റിപ്പോര്‍ട്ടുകൾ ആശങ്കയിലാക്കുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള സീറ്റുകൾ കുറയുമെന്നാണു സർവേ ഫലങ്ങൾ. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകളെങ്കിലും കുറഞ്ഞേക്കാം.
സർവേഫലങ്ങളെത്തുടർന്നു സ്ഥിതിഗതികൾ ബിജെപി കേന്ദ്രനേതൃത്വം അടിയന്തരമായി വിലയിരുത്തി. പ്രധാനമന്ത്രിയെ പരമാവധി മണ്ഡലങ്ങളിൽ എത്തിക്കാനും പ്രാദേശിക വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാനും തീരുമാനിച്ചതായി അറിയുന്നു.എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പമാണു രാജ്യത്തെ ജനങ്ങളുടെ മനസെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി (സിഎസ്ഡിഎസ്) നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തെ പിന്തുണച്ചു.
എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും സിഎസ്ഡിഎസ് നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നാണ്.ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്നു സർവേയിൽ അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രമാണ്.
രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തൽ.2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണവിശ്വാസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതെങ്കിലും തരത്തിലുള്ള അവിശ്വാസം രേഖപ്പെടുത്തി.
വോട്ടിംഗ് യന്ത്രം കുറ്റമറ്റതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ അവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ കരുതുന്നു.
അതേസമയം കൂടുതൽ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതു നരേന്ദ്ര മോദിയെയാണ്, 48 ശതമാനം. രാഹുൽ ഗാന്ധിയെ 27 ശതമാനം പേര് പിന്തുണക്കുന്നു. മോദിയുടെ ഗ്യാരന്റിയെ 56 ശതമാനം പേര് പിന്തുണച്ചപ്പോൾ 49 ശതമാനം പേര് രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്.
2019 ൽ 65 ശതമാനം പേര് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57 ശതമാനം ആയി കുറഞ്ഞു.
അതൃപ്തരുടെ എണ്ണം 30 ശതമാനം ആയിരുന്നത് 39 ശതമാനം ആയും വര്‍ധിച്ചു. 100 പാർലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിംഗ് സ്റ്റേഷനുകളിലാണ് സർവേ നടത്തിയത്.