ഇനി ഒരു അനിത ഉണ്ടാവരുത്! കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമായിരിക്കണം നമുക്ക് പ്രധാനം; തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി നടന്‍ സൂര്യ

പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശി അനിതയുടെ മരണത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ നായകന്‍ സൂര്യ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.

‘ഇനി ഒരു അനിത ഉണ്ടാവരുത്. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി നമുക്ക് കൈകോര്‍ക്കാം’ എന്നായിരുന്നു സൂര്യയുടെ പ്രതികരണം. പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി അനിത കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് ‘നീറ്റ് പരീക്ഷ’ മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് പരീക്ഷക്ക് കോച്ചിംഗ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് അത് സാധ്യമാകില്ലെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ഓഗസ്റ്റ് 22ന് സുപ്രീം കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിടുകയായിരുന്നു.

Related posts