പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭൂമിക ചൗള. തെലുങ്കിലൂടെ തുടങ്ങിയ താരം തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയതാരമായി മാറുകയായിരുന്നു പിന്നീട്. നായകൻമാരുമായി മികച്ച കെമിസ്ട്രിയാണ് താരം പുറത്തെടുക്കാറുള്ളത്.
വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിനിടയിൽ തന്റെ വിശേഷങ്ങളെക്കുറിച്ചും സിനിമാജീവിതത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരിക്കുന്നു.
ചിത്രീകരണത്തിനിടെ തന്നെ ഭയപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് ഭൂമിക പറഞ്ഞത് – “”ഒരു ഗാന ചിത്രീകരണത്തിനായി ഉച്ചത്തിൽ പാട്ട് വച്ചിരുന്നു. ഉയർന്ന ശബ്ദത്തിലുള്ള ഗാനം കേട്ടതിന് പിന്നാലെ ഒരു സ്ത്രീ തോക്കുമായി ഞങ്ങൾക്ക് മുന്നിലേക്കെത്തി.
സൂര്യയും ഞാനും അണിയറപ്രവർത്തകരുമൊക്കെ ജീവനും കൊണ്ട് ഓടുകയായിരുന്നു. ബാഗും മറ്റ് എടുക്കാൻ പറ്റാവുന്നത്ര സാധനങ്ങളുമൊക്കെ എടുത്ത് പെട്ടെന്ന് തന്നെ അവിടെ നിന്ന് സ്ഥലം കാലിയാക്കുകയായിരുന്നു. ഉച്ചത്തിൽ പാട്ട് വച്ചത് ഇഷ്ടപ്പെടാതിരുന്നതിനെത്തുടർന്നാണ് അന്ന് ആ സ്ത്രീ ഓടിവന്നത്. അതിനുള്ള അനുമതിയില്ലെന്നും അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു”- ഭൂമിക പറഞ്ഞു.
ചിത്രീകരണത്തിനിടയിൽ ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായതിനെക്കുറിച്ച് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ചിത്രീകരണം തടസപ്പെടുത്താനായും ചിലർ എത്താറുണ്ട്. സ്ക്രീനിൽ കാണുന്നത് പോലെ അത്ര നല്ല കാര്യങ്ങളായിരിക്കില്ല പലപ്പോഴും നടക്കുന്നതെന്നു വ്യക്തം.