കുറവിലങ്ങാട്: മലയാളി നഴ്സ് മഹാരാഷ്്ട്രയിൽ ട്രെയിൻ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതോടെ യാത്രതിരിച്ച സംഘം ഇന്ന് ഉച്ചകഴിയുന്നതോടെ മഹാരാഷ്ട്രയിലെത്തും. പുതുവേലി കുഴിപ്പാനിയിൽ സനീഷ് കൃഷ്ണന്റെ ഭാര്യ സൂര്യ സനീഷാ(26)ണ് മരിച്ചത്. സൂര്യയുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ, സനീഷിന്റെ സഹോദരിയും ഭർത്താവും അടങ്ങുന്ന നാലംഗസംഘമാണ് മഹാരാഷ്ട്രയിലേക്ക് യാത്രതിരിച്ചത്.
നെടുന്പാശേരിയിൽ നിന്ന് വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്ന് ട്രെയിനിലാണ് സൂര്യ അപകടത്തിൽപ്പെട്ട പ്രതാപ് നഗറിലെ ജൽഗാവ് റെയിൽവേ സ്റ്റേഷനടുത്തേക്ക് യാത്രനടത്തുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. ആയൂർവേദ നേഴ്സുമാരായി വടക്കേ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ജോലി നോക്കിവരികയായിരുന്നു സനീഷും സൂര്യയും.
ജോലിക്കാര്യത്തിനായി ഇരുവരും മഹാരാഷ്ടയിൽ നിന്നും ഗുജറാത്തിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. ലോക്കൽ കന്പാർട്ടുമെന്റിലായിരുന്നു യാത്ര. ഇരുവരും പുലർച്ചെ ബാത്ത്റൂമിൽ പോയി തിരിച്ചിറങ്ങവേ സൂര്യ ട്രെയിനിലെ വാതിലിൽനിന്നും വീഴുന്നത് കണ്ട് ഭർത്താവ് സനീഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ സംഭവസ്ഥലത്തെത്തിയാൽ മാത്രമേ വ്യക്തമാകൂവെന്നു ബന്ധുക്കൾ പറയുന്നു.
റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ചുകിടന്ന സൂര്യയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജൽദാവ് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അഞ്ചുവർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. അഞ്ചുമാസം മുന്പ് ഇവർ നാട്ടിലെത്തി മടങ്ങിയിരുന്നു. ആലപ്പുഴ തുറവൂർ കണ്ണോത്ത്തറ കുടുംബാംഗമാണ് സൂര്യ.