കള്ളിക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഇലക്ഷൻ അടുക്കുന്ന സമയത്ത് വോട്ട് ചോദിച്ച് വരുന്പോൾ എല്ലാ നേതാക്കളും പറയുന്ന വാക്കാണ് വ്യാജമദ്യത്തിനെതിരേ നടപടിയെടുക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തിയാൽ ഇതെല്ലാം മറക്കുകയാണ് ചെയ്യുന്നതെന്ന് സൂര്യ പറഞ്ഞു.
ഇനി ഇത് അംഗീകരിക്കാൻ സാധിക്കില്ല. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്നും താരം പറഞ്ഞു. മദ്യദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കള്ളിക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 49 പേർ മരണമടഞ്ഞത്. കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്നാണ് കൊല്ലപ്പെട്ടവർ വിഷമദ്യം കഴിച്ചത്. ബുധനാഴ്ച രാത്രിയോടെ മദ്യം കഴിച്ചവർക്ക് തലവേദന, ഛർദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.