ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് നെഗറ്റീവായി. ചെന്നൈയിലെ ആശുപത്രിയിൽ കോവിഡ് ചികിത്സ കഴിഞ്ഞ് സൂര്യ വീട്ടിൽ മടങ്ങിയെന്ന് സഹോദരനും നടനുമായ കാർത്തി ട്വീറ്റ് ചെയ്തു.
അണ്ണാ തിരികെ വീട്ടിലെത്തി, എല്ലാം സുരക്ഷിതമാണ്. ഏതാനും ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണം. നിങ്ങളുടെയെല്ലാം പ്രാർഥനകൾക്ക് നന്ദി പറയാതിരിക്കാൻ കഴിയില്ല,”-ട്വീറ്റിൽ പറയുന്നു.
കോവിഡ് പോസിറ്റീവായതിനെത്തുടർന്നു കഴിഞ്ഞാഴ്ചയാണ് സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
“എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം. ഹൃദയം തളർന്നു പോകരുത്. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണെന്നും സൂര്യ പറഞ്ഞിരുന്നു.
സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നീട്ടിവച്ചു. സൂരറൈ പോട്ര് ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.