പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച് മലയാളത്തിൽ വന്പൻ ഹിറ്റായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും റിമേക്ക് ചെയ്യുന്നുവെന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. തെലുങ്കിൽ രവി തേജയും റാണ ദഗുബതിയും അയ്യപ്പനും കോശിയുമായെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദിയിൽ ചിത്രം നിർമിക്കാനുള്ള അവകാശം ജോൺ ഏബ്രഹാം നേടിയിരിക്കുകയാണ്. ജോണിന്റെ ജെഎ എന്റർടൈൻമെന്റ്സ് ചിത്രം നിർമിക്കും. അതേസമയം ഹിന്ദി റീമേക്കിൽ ആരൊക്കെയാണ് അഭിനയിക്കുകയെന്ന വിവരം അറിവായിട്ടില്ല. ഇപ്പോൾ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിനെ കുറിച്ചാണ് വാർത്തകൾ.
സൂപ്പർതാരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും തമിഴ് പതിപ്പിൽ അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ട് . മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ തമിഴിൽ സൂര്യയും പൃഥ്വിരാജ് അഭിനയിച്ച കോശി എന്ന കഥാപാത്രത്തെ കാർത്തിയും അവതരിപ്പിക്കുമെന്നാണ് വാർത്തകൾ.
സൂരരൈ പോട്രു ആണ് സൂര്യയുടേതായി ഇനി തിറ്ററുകളിലെത്താനുള്ള ചിത്രം. കാർത്തി നായകനായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിലെത്തിയ കൈദി വൻവിജയമായിരുന്നു.