കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് 1,10,000 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സൂര്യ എസ്. നായർക്കു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന.
സ്വകാര്യ ബാങ്കിൽ നിന്നും 25 ലക്ഷം രൂപ പലിശ രഹിത വായ്പ എടുത്തു നല്കാമെന്ന് പറഞ്ഞു അയർക്കുന്നം മറ്റക്കര സ്വദേശിയായ അനൂപിന്റെ പക്കൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.
സൂര്യക്കെതിരെ കോട്ടയം ജില്ലയിലെ തന്നെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികളുണ്ട്. സംഭവം പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശാരീരിക അവശതകളെ തുടർന്ന് യുവതിയെ പോലീസ് കാവലിൽ ആശുപത്രിയിൽ ആക്കിയിരുന്നു.
ഇന്നലെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ യുവതിക്കു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഈ സംഘങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് സർവീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി.
ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ തട്ടിപ്പിൽ വീഴിച്ചതായിട്ടാണ് പുറത്തു വരുന്ന വിവരം. ദേശസാൽകൃത ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സൂര്യക്കെതിരേ പരാതിയുണ്ട്. നൂറിലധികം ആളുകളെ പറ്റിച്ചതായും ഒരു കോടിയിലധികം രൂപ തട്ടിച്ചെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയാണിവർ. ആഡംബര ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്.
സൂര്യക്കെതിരെ നിരവധി പേർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നല്കിയിരുന്ന പരാതികൾ മുങ്ങി പോയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.