മലയാളത്തിലെ പ്രമുഖ ചാനലായ സൂര്യാ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു. കേരളത്തിലെ ട്രേഡ് യൂണിയന് സംസ്കാരം തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കമ്പനിയുടെ വാദം. കരുണാനിധിയുടെ അടുത്ത ബന്ധു കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍.
സൂര്യയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് വിഷയം കൂടുതല്‍ രൂക്ഷമായത്. സൂര്യയിലെ ഭൂരിഭാഗം ജീവനക്കാരും തിരുവനന്തപുരം സ്വദേശികളായതിനാല്‍ സ്ഥലമാറ്റം ഇവരെ അലോസരപ്പെടുത്തി. തുടര്‍ന്ന് അവര്‍ രാഷ്ട്രീയ സംഘടനയുടെ സഹായത്തോടെ ട്രേഡ് യൂണിയനുണ്ടാക്കി. രാഷ്ട്രീയക്കാരുടെ കൈയില്‍ ഇത്തരം വിഷയങ്ങള്‍ ലഭിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം ഇവിടെയും സംഭവിച്ചു. സമ്പന്നരായ മുതലാളികള്ക്കെതിരേ സമരം ചെയ്താല്‍ സമരം അവസാനിപ്പിക്കാന്‍ മുതലാളി എന്തു വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നും അറിഞ്ഞുള്ള കളിയാണ് യൂണിയന്കാര് കളിച്ചത്.
ജീവനക്കാര്‍ യൂണിയനുണ്ടാക്കിയതിനു പിന്നാലെ സൂര്യ ടി. വി.അവരുടെ വിശ്വസ്തരായ കുറച്ച് ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചാനല്‍ ആസ്ഥാനം പൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുകയും തൊഴില്‍ വകുപ്പ് സ്ഥാപനം റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതോടെ സ്ഥാപനം നടത്തി കൊണ്ടു പോകാനാകാത്ത സ്ഥിതി വിശേഷം വന്നു ചേരുകയായിരുന്നു. തമിഴ്നാട്ടിലെ രീതിയനുസരിച്ചാണ് സൂര്യ ടി.വി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കുറഞ്ഞ ശമ്പളം കൂടുതല്‍ ജോലി എന്ന തമിഴ് സമവാക്യം ഇവിടെ പയറ്റുന്നതിനോട് ജോലിക്കാര്‍ വിയോജിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ശമ്പളക്കാര്യത്തില്‍ മുമ്പ് ചാനല്‍ വിട്ടവരും ഇപ്പോള്‍ ചാനലിനെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പി.ടി.തോമസ് എം എല്‍ എ സൂര്യ ടി.വിയുടെ ഓഫീസില്‍ സമരം ചെയ്യുന്ന ജീവനക്കാരെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയുമായി വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും ഇടപെട്ടതോടെയാണ് പരിഹാരത്തിനു വഴിയൊരുങ്ങിയത്. കേരളത്തിലെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുക എന്നതാണ് ഏക പോംവഴി. ജീവനക്കാര്‍ക്ക് ചെന്നൈയിലെത്താന്‍ നിര്‍ദ്ദേശം നല്‍കും. ചെന്നൈയില്‍ പോകാന്‍ തയ്യാറല്ലാത്തവര്‍ക്ക് ജോലി വിടാം എന്ന നിലപാടിലാണ് കമ്പനിയെന്നറിയുന്നു.