ഹെൽമറ്റ് ധരിക്കാതെ രാത്രിയിൽ ബൈക്ക് ഓടിച്ച് തന്റെ കാറിനു സമീപത്തായി വീണ യുവാക്കൾക്ക് തെന്നിന്ത്യൻ താരം സൂര്യയുടെ ശകാരം. ആന്ധ്രയിലാണ് സംഭവം നടന്നത്. തന്റെ പുതിയ ചിത്രം താനാ സേർന്ത കൂട്ടത്തിന്റെ തെലുങ്ക് പതിപ്പ് ഗാംഗിന്റെ പ്രമോഷനായി എത്തിയതായിരുന്നു താരം.
രാത്രിയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ കാറിനു സമീപത്തായി അപകടകരമായി ഹെൽമറ്റ് ധരിക്കാതെ യുവാക്കൾ ബൈക്കിൽ വന്നത്. മാത്രമല്ല അവരിലൊരാൾ അദ്ദേഹത്തിന്റെ കാറിന്റെ ടയറിനു സമീപത്തായി വീഴുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ സൂര്യ കാറിൽ നിന്നും ഇറങ്ങിവന്ന് യുവാക്കളെ ശകാരിക്കുകയായിരുന്നു. എന്നാൽ സൂര്യയുടെ കോപം ശ്രദ്ധിക്കാതെ യുവാക്കൾ അദ്ദേഹത്തിന് ജയ് വിളിച്ചു.
പിറ്റേദിവസം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്ക് അപകടത്തെപ്പറ്റി അദ്ദേഹം പറയുകയും ചെയ്തിരുന്നു. “ഞാൻ ഇങ്ങോട്ട് വരുന്പോൾ കുറച്ചു പേരുടെ ബൈക്ക് അഭ്യാസം കണ്ടു. അവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മാത്രമല്ല അവരിലൊരാൾ എന്റെ കാറിന്റെ ടയറിനു സമീപത്തായി വീഴുകയും ചെയ്തു. അയാൾക്കെന്തങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ എനിക്ക് സമാധാനം ലഭിക്കില്ലായിരുന്നു..’- സൂര്യ പറഞ്ഞു.