പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബർ 26-ന് രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പന്പ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇതു ബാധകമായിരിക്കും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടർന്നാണിത്.
അന്നേദിവസം പുലർച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30-ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങൾ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.