ഉടുന്പന്നൂർ: മലയാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത കാർഷിക വിളകളുമായി ഗ്രാമീണ കർഷകൻ. ഉടുന്പന്നൂർ ആലയ്ക്കൽ ജെയ്സണ് വർഗീസിന്റെ ഒരേക്കർ കൃഷിയിടം വിവിധ വിളകളുടെ പരീക്ഷണശാലയാണ്.
സൂര്യകാന്തി, വിവിധയിനം ചോളം, ഉഴുന്ന്, ചാമ, എള്ള് എന്നിവയെല്ലാമാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. കൃഷിയുടെ രസതന്ത്രമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിച്ച ഈ കർഷകന്റെ കൃഷിയിടം കാണാനും കാർഷിക വിളകൾ തൊട്ടറിയാനും അന്യജില്ലകളിൽനിന്നുപോലും നിരവധിപ്പേരാണ് എത്തുന്നത്.
ഇരിപ്പൂകൃഷി കഴിഞ്ഞുള്ള ഇടവേളയിലാണ് പാടത്ത് സൂര്യകാന്തി കൃഷിയും മറ്റു വിളകളും പരീക്ഷിക്കാൻ ഇദ്ദേഹം തീരുമാനിച്ചത്.
തമിഴ്നാട്ടിലെ ചിന്നമന്നൂരിലെത്തി സൂര്യകാന്തിയുടെ വിത്ത് ശേഖരിച്ചു. കിലോയ്ക്ക് 1500 രൂപയായിരുന്നു വില. 14 സെന്റ്് സ്ഥലത്താണ് സൂര്യകാന്തി വിത്ത് വിതച്ചത്.
വിതയ്ക്കുശേഷം ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതു. യാതൊരു വളപ്രയോഗവുമില്ലാതെ മുളച്ചുവളർന്നു നിൽക്കുന്ന സൂര്യകാന്തിപ്പാടം കണ്ടാൽ ആരും നോക്കിനിന്നുപോകും.
വിത്ത് വിതച്ച് 45ാം ദിവസം പൂവിട്ട് സൂര്യകാന്തി ഇപ്പോൾ വിളവെടുപ്പിനു പാകമായി. സസ്യ എണ്ണകൾക്കു വില കുതിച്ചുയരുന്പോൾ സ്വന്തമായി കൃഷിചെയ്ത സൂര്യകാന്തിയുടെ എണ്ണയെടുത്ത് ഉപയോഗിക്കാനാണ് ജെയ്സന്റെ ശ്രമം.
സൂര്യകാന്തിക്കു പുറമെ ഇതിനു സമീപം വിവിധതരം ചോളം, ചാമ, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഉഴുന്നിന്റെ വിളവെടുപ്പ് കഴിഞ്ഞദിവസം നടത്തി.
മികച്ച വിളവാണ് ലഭിച്ചതെന്നും ഇവയെല്ലാം നാട്ടിൽ കൃഷിചെയ്യാനാകുമെന്നും ഇതോടെ വ്യക്തമായതായും ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം ബസുമതിയാണ് കൃഷിയിറക്കിയത്. നാലുകിലോ വിത്ത് വിതച്ചപ്പോൾ 60-70 കിലോയോളം വിളവ് ലഭിച്ചു. എന്നാൽ ഇവ കുത്തിയെടുക്കാനുള്ള മെഷീൻ ഇവിടെ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇനി പാലക്കാട് എത്തിച്ച് കുത്തിയെടുക്കേണ്ട സ്ഥിതിയാണുള്ളത്. കൃഷിയിൽ നൂതനമായ പരീക്ഷണങ്ങൾ നടത്തി വിജയഗാഥ രചിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവകർഷകൻ.