സ്വന്തം ലേഖകന്‍
കൊച്ചി: ജീവന്റെ ഹൃദയസ്പന്ദനങ്ങള്‍ ഒരുവട്ടം കൂടി കൊച്ചിയിലേക്കു പറന്നെത്തി.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കായംകുളം സ്വദേശിയായ സൂര്യനാരായണൻ എന്ന പതിനെട്ടുകാരനായി വ്യോമമാര്‍ഗം എത്തിയത് മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റെ (25) ഹൃദയം.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയവുമായി മെഡിക്കല്‍ സംഘം ഇന്നലെ വൈകുന്നേരം 5.30 നാണു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ടത്.
6.15ന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി.
നാലു മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ച് സൂര്യനാരായണനില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ വൈകുന്നേരം 7.56 ന് അരവിന്ദന്റെ ഹൃദയം സൂര്യനാരായണനില്‍ സ്പന്ദിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ലിസി ആശുപത്രിയിലെ 26 ാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായി ഇത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി രോഗമാണു സൂര്യനാരായണനുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സംവിധാനമായ കെഎന്ഒഎസില്നിന്നു ഹൃദയം ലഭ്യമാണെന്ന സന്ദേശം ലിസി ആശുപത്രിയിലെത്തി.
ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിനെത്തുടര്ന്നു ഹെലികോപ്റ്റര്‍ അനുവദിച്ചു.
ലിസിയില്നിന്നുള്ള നാലംഗ മെഡിക്കല്‍ സംഘം ഇന്നലെ രാവിലെ കിംസിലെത്തിയാണ് അരവിന്ദിന്റെ ഹൃദയം വേര്‍പെടുത്തിയത്.
ഇവരുടെ നേതൃത്വത്തില്‍ പ്രത്യേകം ബോക്സിലാക്കി കൊച്ചിയിലേക്കെത്തിച്ച ഹൃദയം ലിസിയിലെ കാര്‍ഡിയോളജി വിഭാഗം പിആര്‍ഒ രാജേഷ് വാരിയത്ത് ഏറ്റുവാങ്ങി.