പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് ഭര്‍തൃമതിയായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പ്രതികളാവും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോണ്‍പരിശോധന നടത്തിയതോടെയാണ് ഇവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പോലീസാരംഭിച്ചത്.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ(24)യെയാണ് ഈ മാസം മൂന്നിന് ഉച്ചയോടെ ഭര്‍തൃഗൃഹത്തിലെ ഏണിപ്പടിക്ക് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂര്യയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസികവും ശാരീരികവുമായ പീഡനമാണെന്ന് കാണിച്ച് സൂര്യയുടെ ഇളയച്ഛന് ബാലകൃഷ്ണന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ മാതാവിനേയും കേസില്‍ പ്രതിചേര്‍ക്കുന്നത്.
മെഡിക്കല്‍ റെപ്പായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021 ജനുവരി ഒന്‍പതിനാണ് നടന്നത്.
ഇതില്‍ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ ഈ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂര്യയുടെ വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നതായും യുവതിയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.
സൂര്യയെ അവളുടെ വീട്ടിലേക്ക് വിടുന്നതിന് ഭര്‍തൃവീട്ടുകാര്‍ തടസം നിന്നിരുന്നതായും സൂര്യയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു.
ആത്മഹത്യക്കുമുമ്പ് സൂര്യ സഹോദരിക്കയച്ച മൊബൈല്‍ സന്ദേശത്തില്‍ ഭര്‍തൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകളുണ്ടെന്ന് പോലീസില്‍ നല്കിയ പരാതിയിലുമുണ്ടായിരുന്നു.
കത്തുകളെഴുതിവെച്ചാല് വീട്ടുകാര്‍ നശിപ്പിച്ചേക്കുമോയെന്ന സംശയത്താല്‍ സൂര്യ തന്റെ മൊബൈലില്‍ ചില കാര്യങ്ങള്‍ ഡിജിറ്റല്‍ തെളിവുകളായി അവശേഷിപ്പിച്ചുകാണുമെന്ന സംശയം പോലീസിനുമുണ്ടായിരുന്നു.
അതിനാല്‍, സൂര്യയുടെ മൊബൈല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് അതില്‍നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ മാതാവിനേയും പ്രതിചേര്ക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ പറഞ്ഞു.