കുണ്ടറ: യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ഭർത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.
തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിയെ യുവതി അറിയിക്കുന്ന ശബ്ദസന്ദേശം പുറത്തായിരുന്നു.
ഈ ശബ്ദസന്ദേശം പരിശോധിച്ച ശേഷം യുവതിയുടെ ഭർത്താവിന്റെ മാതാവ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് എഴുകോൺ സിഐ പറഞ്ഞു.
കിഴക്കേ കല്ലട ഉപ്പൂട് അജയ് ഭവനിൽ അജയകുമാറിന്റെ ഭാര്യ പി.എസ്.സുവ്യ (34) ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.
ആത്മഹത്യ ചെയ്യാനിടയായത് ഭർത്തൃമാതാവിന്റെ നിരന്ത മാനസീക പീഡനം മൂലമാണെന്ന് കാട്ടി സുവ്യയുടെ ബന്ധുക്കൾ കിഴക്കേ കല്ലട പോലീസിൽ പരാതി നൽകി.
ഞായറാഴ്ച രാവിലെയാണ് സുവ്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
എഴുകോൺ കടയ്ക്കോട് സുവ്യ ഭവനിൽ കെ സുഗതൻ-അമ്പിളി ദമ്പതികളുടെ മകൾ സുവ്യ പിതൃസഹോദരി സുജാതയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഭർത്തൃഗൃഹത്തിൽ അനുഭവിക്കുന്ന നിരന്തര മാനസിക പീഡനത്തെക്കുറിച്ചും ഭർത്തൃമാതാവ് വിജയമ്മയാണ് ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
ഇതേത്തുടർന്നാണ് സുവ്യയുടെ ബന്ധുക്കൾ കിഴക്കേ കല്ലട പോലീസിൽ പരാതി നൽകിയത്.
പോലീസ് പറയുന്നത്- കുടുംബ ക്ഷേത്രമായ കടയ്ക്കോട് മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടിൽപ്പോയ സുവ്യ കഴിഞ്ഞ 9നാണ് തിരികെ അജയന്റെ വീട്ടിലെത്തിയത്.
അടുത്തദിവസം വിജയമ്മയുമായി തർക്കമുണ്ടായി. ഇതേത്തുടർന്ന് സുവ്യ മുറിയിൽ കയറി കതകടച്ചു.
ഏറെനേരം കഴിഞ്ഞും പുറത്തുവരാതിരുന്നതോടെ വീട്ടുകാർ കതക് ചവിട്ടിത്തുറന്നപ്പോൾ സുവ്യ തുങ്ങിനിൽക്കുന്നതാണ് കണ്ടത്.
സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒന്പതോടെ സുവ്യ അത്മഹത്യ ചെയ്തു എന്ന് സഹോദരൻ വിഷ്ണുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.
ശബ്ദശന്ദേശത്തിലെ കാര്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. എനിക്ക് വയ്യ, മടുത്തു സഹിക്കാൻ പറ്റുന്നതിലും കൂടുതൽ സഹിച്ചു, അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
2014 ലാണ് സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യയ്ക്ക് സ്ഥിര ജോലി ഇല്ലായിരുന്നു എന്ന് പറഞ്ഞ് അജയകുമാറിന്റെ മാതാവ് വിജയമ്മ നിരന്തരം വഴക്കിട്ടിരുന്നതായി സുവ്യയുടെ ബന്ധുക്കൾ പറയുന്നു. പി എസ് സി പരീക്ഷാപരിശീലനം നടത്തിവരികയായിരുന്നു. മകൻ: ശ്രീപാദ്.