നെടുമങ്ങാട് : ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രി (20)യെ 33 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.
അന്വേഷണ ഉദ്ദ്യോഗസ്ഥനായ വലിയമല സിഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.
സൂര്യയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനു ശേഷം ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ഥലങ്ങള്‍, കുത്തിക്കൊല്ലാന്‍ കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതക ശ്രമത്തിനിടെ കൈകള്‍ക്ക് പരിക്കേറ്റ അരുണിന്റെ ചികിത്സയും തുടരുന്നുണ്ട്.
ഒരാഴ്ച്ചക്കാലം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് അരുണ്‍ സൂര്യയെ കൊന്നതെന്ന് പോലീസ് പറയുന്നു.
സൂര്യയോട് കടുത്ത വൈരാഗ്യം മനസില്‍ സൂക്ഷിച്ചിരുന്ന അരുണ്‍ കുത്തിക്കൊല്ലാനാവശ്യമായ കത്തി കാട്ടാക്കടയ്ക്കു സമീപത്തെ ഒരു കടയില്‍നിന്നുമാണ് വാങ്ങിയത്.
ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് നേരത്തേ തന്നെ മാറ്റി മറ്റൊരു നമ്പര്‍ വച്ചു.
സംഭവം നടക്കുന്നതിനു മുമ്പ് മൂന്നുദിവസം അരുണ്‍ നെടുമങ്ങാട്ടു വന്നുപോയി. ഇതിനിടെ സൂര്യ താമസിച്ചിരുന്ന വാടകവീടും പരിസരവും നന്നായി കണ്ട് മനസിലാക്കി.
വീടിന്റെ പിന്നിലൂടെയാണ് അരുണ്‍ അകത്തു കടന്നത്. സൂര്യയെ കൊല്ലാന്‍ വേണ്ടിത്തന്നെയാണ് കുത്തിയത്. ആദ്യം 20-ലധികം തവണ കുത്തി.
തല പിടിച്ച് പലവട്ടം ചുവരിലിടിച്ചു. മരിച്ചില്ലെന്നു ബോധ്യമായപ്പോള്‍ വീണ്ടും കുത്തി. അനക്കമില്ലാതെ വീണപ്പോഴാണ് അക്രമം മതിയാക്കിയത്.
പിടിവലിക്കിടയില്‍ അരുണിന്റെ കൈയിലും ആഴത്തില്‍ മുറിവേറ്റു. എന്നിട്ടും സൂര്യയെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. മുറിയിലേക്ക് ഓടിക്കയറി വന്ന അച്ഛനേയും ആക്രമിച്ചു.
സൂര്യമായി അരുണ്‍ നേരത്തെ അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും കുംബത്തെ ധാരാളം സഹായിച്ചിരുന്നു.
ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടത്തി. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ച് ഒരുവര്‍ഷക്കാലമായി സൂര്യ അമ്മയോടൊപ്പം വന്നു താമസിക്കുകയായിരുന്നു.
അതിനിടെയാണ് അരുണ്‍ വീണ്ടും സ്ഥലത്തെത്തിയതും അക്രമം നടന്നതും സൂര്യ അരുണിന്റെ കൊലക്കത്തിക്കിരയായതും. തെളിവെടുപ്പ് സ്ഥലത്ത് അരുണിനെകാണാന് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.