കുറവിലങ്ങാട്: “”അവളെ ഞാൻ കൊന്നു, അവൾക്ക് ഈ ലോകം ബുദ്ധിമുട്ടാണ്”. ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷിന്റേയും സുഹൃത്ത് രഘുവിനന്റേയും കാതുകളിൽ ഇപ്പോഴും മുഴങ്ങുകയാണ്. ഒരമ്മ തന്റെ മകളെ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുന്ന ശബ്ദം ഇപ്പോഴും ഇവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴാംക്ലാസുകാരൻ സ്വരൂപ് കുഞ്ഞനുജത്തിയെ തിരക്കിയെങ്കിലും മുറിക്കുള്ളിൽ കയറ്റാൻ അമ്മ കൂട്ടാക്കിയില്ല. ഇതിൽ സംശയം തോന്നിയ സ്വരൂപ് വിവരം വാടകവീടിന്റെ ഉടമയെ അറിയിച്ചു. വാടകവീടിന്റെ ഉടമ പഞ്ചായ്തത് വൈസ് പ്രസിഡന്റ് സുരേഷിനേയും കൂട്ടിയാണ് വീട്ടിലെത്തിയത്.
വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ കുട്ടിയെ കൊന്നുവെന്ന മറുപടിയാണ് അമ്മ നൽകിയത്. മുറിക്കുള്ളിൽ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കിടന്ന കുട്ടിയെ അതുവഴിയെത്തിയ ഓട്ടോറിക്ഷയിൽ ഉഴവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരുനെച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന കാനാത്തിൽ എം.ജി കൊച്ചുരാമൻ (കുഞ്ഞപ്പൻ)-സാലി ദന്പതികളുടെ മകൾ സൂര്യ രാമനെ(11)യാണ് അമ്മ കൊലപ്പെടുത്തിയത്. അരീക്കര എസ്എൻ യുപി സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട സൂര്യ. സൂര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
പോലീസ് കസ്റ്റഡിയിലെടുത്ത സാലി (43) കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ഇവർക്ക് മാനിസാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം വെളിച്ചത്തായത്. അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യയെ ഇന്നലെ അമ്മ സ്കൂളിൽ വിട്ടിരുന്നില്ല.
ഉഴവൂരിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് കുഞ്ഞപ്പനും സാലിയും മക്കളും. റബർ ടാപ്പിംഗ് നടത്തുന്ന കുഞ്ഞപ്പൻ സെക്യൂരിറ്റി ജോലിക്കും പോകാറുണ്ട്. കഴിഞ്ഞദിവസങ്ങളായി ഈരാറ്റുപേട്ടയിൽ സെക്യൂരിറ്റി ജോലിയിലായിരുന്നു. ഇന്നലെ പകൽ സൂര്യയും അമ്മ സാലിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കരുനെച്ചിയിൽ വ്യന്ദാവനം എന്ന പേരിൽ ലോഡ്ജ് കണക്കെയുള്ള വീട്ടിലായിരുന്നു ഇപ്പോൾ ഇവരുടെ കുടുംബം. പാലാ നെച്ചിപ്പൂഴൂരിലാണ് കുഞ്ഞപ്പന്റെ വീട്. സാലി രാമപുരം വെള്ളിലാപ്പിള്ളി ചിറകണ്ടം സ്വദേശിയാണ്.