ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ജോലി ലഭിച്ച സൂര്യസ്വാമി നവജീവനിൽ കഴിയുന്ന അമ്മ രാജേശ്വരി, സഹോദരി ലക്ഷ്മി എന്നിവരെ കാണാനെത്തി. നാളുകൾക്ക് ശേഷം നേരിൽ കണ്ട മൂന്നുപേരും ദുഃഖവും ആഹ്ളാദവും പങ്കുവച്ചാണ് നവജീവൻ വിട്ടത്.
കോട്ടയം നഗരമധ്യത്തിൽ ഓടയ്ക്കു സമീപം ഒറ്റമുറിയിൽ വൈദ്യുതിയോ മറ്റുസംവിധാനങ്ങളോ ഇല്ലാതെ കഴിയുകയായിരുന്ന, എംകോം ഒന്നാം റാങ്കിൽ പാസായ സൂര്യസ്വാമിയെപ്പറ്റി ലോകമറിഞ്ഞതു മാധ്യമവാർത്തകളിലൂടെയാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ സൂര്യസ്വാമിയെ അക്കൗണ്ട് ക്ലാർക്ക് ആയി നിയമിക്കുവാൻ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവാണ് ഉത്തരവിറക്കിയത്.
15 വർഷമായി സൂര്യ സ്വാമിയുടെ മാനസിക വൈകല്യമുള്ള അമ്മയും 10 വർഷമായി സഹോദരിയും ആർപ്പൂക്കര വില്ലൂന്നിയിലുള്ള നവജീവൻ ട്രസ്റ്റിലെ അന്തേവാസികളാണ്.
ഇടയ്ക്കു നവജീവനിൽ എത്തി അമ്മയേയും സഹോദരിയേയും സന്ദർശിച്ചിരുന്ന സൂര്യസ്വാമി തന്റെ ദുരവസ്ഥമൂലം കുറച്ചു നാളുകളായി ഇവരെ കാണാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കളക്ടർ ജോലി വാഗ്ദാനം നൽകി സർക്കാർ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടും നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
സൂര്യസ്വാമിയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്കും സഹോദരിക്കും മാനസിക വൈകല്യം ഉണ്ടായിരുന്നു. ഇവർക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം നൽകാൻ സൂര്യസ്വാമിക്കു ഭിക്ഷ യാചിക്കേണ്ടി വരികയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ചെയ്തു. സ്വന്തമായി വീട് ഉണ്ടായ ശേഷം മാതാവിനേയും സഹോദരിയേയും തന്റെയൊപ്പം കൊണ്ടുപോകാനാണ് സൂര്യസ്വാമിയുടെ ആഗ്രഹം.
സൂര്യസ്വാമി ജോലിയിൽ പ്രവേശിച്ചു വീട് നിർമാണം പൂർത്തീകരിച്ച ശേഷം ജില്ലാ ഭരണാധികാരികളുടെ അറിവോടെ രാജേശ്വരിയേയും ലക്ഷ്മിയേയും സൂര്യക്കൊപ്പം വിടുമെന്നു നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു