തലയോലപ്പറന്പ്: കല്യാണ പന്തലൊരുങ്ങേണ്ട വീട്ടുമുറ്റത്ത് കല്യാണപെണ്ണിന്റെയും മാതാപിതാക്കളുടെയും മൃതദേഹങ്ങൾ എത്തിക്കേണ്ടതിന്റെ വേദനയിലാണ് സുകുമാരന്റെ സഹോദരൻ സന്തോഷ്.
അടുത്തമാസം 12ന് ജ്യേഷ്ഠൻ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
എറണാകുളം സ്വദേശിയായ യുവാവിന്റെ വിവാഹാലോചന ഉറപ്പിച്ചതോടെ കുടുംബത്തിലാകെ ആഹ്ലാദം തിരതല്ലി.
കുടുംബത്തിന്റെ സാന്പത്തിക സ്ഥിതി മോശമായിട്ടും വിവാഹത്തിന് ഏറെ സന്തോഷത്തോടെ സന്നദ്ധനായി വന്ന യുവാവിനോടു എല്ലാവർക്കും വലിയ താത്പര്യമായിരുന്നു.
സുകുമാരൻ തന്നെ ഇടയ്ക്കു വിളിച്ചു വിശേഷങ്ങളറിയാൻ മകൾക്കു മൊബൈൽ ഫോണ് വാങ്ങി നൽകി.
ഏറെ സന്തോഷത്തോടെ കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ സൂര്യയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
കോവിഡ് ഭേദമായിട്ടും സൂര്യയുടെ ശാരീരിക അവശതകൾ മാറാതെ നിന്നു. കല്യാണമടുത്തു വരുന്നതിനിടയിൽ മകൾക്ക് അസുഖം ബാധിച്ചത് സുകുമാരനെയും ഭാര്യ സിനിയെയും വലിയ പിരിമുറുക്കത്തിലാക്കിയിരുന്നു.
ഇതിനിടെ ഡോക്ടറുടെ നിർദേശപ്രകാരം വിവാഹം മൂന്നു മാസത്തേക്കു നീട്ടിവയ്ക്കാനും ബന്ധുക്കൾ ആലോചിച്ചു.
ബന്ധുക്കൾ ഇക്കാര്യം പ്രതിശ്രുത വരന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ വരനും വിവാഹം നീട്ടിവയ്ക്കാൻ തയാറായി.
നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടവും സുകുമാരന്റെ സന്തോഷ് അടക്കമുള്ള സഹോദരങ്ങളും പറ്റാവുന്ന സഹായങ്ങൾ ചെയ്തു വിവാഹം മംഗളകരമാക്കാൻ ഒരുങ്ങി.കഴിഞ്ഞദിവസം വൈദ്യ പരിശോധനയിൽ സുകുമാരനു പ്രമേഹം സ്ഥിരീകരിച്ചത് ഏറെ വിഷമിപ്പിച്ചിരുന്നതായി സഹോദരൻ സന്തോഷ് പറയുന്നു.
സന്തോഷവും സന്താപവുമൊക്കെ കുടുംബത്തിലൊതുക്കി നിർത്തി പുറംലോകവുമായി കാര്യമായ അടുപ്പമുണ്ടാക്കാതെ ഉൾവലിഞ്ഞു കഴിഞ്ഞു വന്ന നിർധന കുടുംബത്തിനുണ്ടായ ദുർവിധി നാടിനെയാകെ സ്തബ്ദമാക്കി.