പത്തനംതിട്ട: പ്രളയദിനത്തിൽ നേരിൽക്കണ്ട വിലാപങ്ങൾ സൂസമ്മയുടെ മനസിനെ വേദനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകണമെന്ന അമ്മയുടെ ആഗ്രഹത്തിനു മകൻ എതിരായതുമില്ല.കോന്നി താലൂക്കിലെ ഐരവണ്‍ വില്ലേജിൽ 1.24 ഏക്കർ സ്ഥലം പ്രളയബാധിതർക്കായി വിട്ടുനൽകി കോന്നി ജോണ്സണ് റോക്ക്സ് ഉടമകൾ മാതൃകയാകുകയാണ്.
തിരുവല്ല കവിയൂർ വലിയ വീട്ടിൽ അലക്സാണ്ടർ വി.ജോണും മാതാവ് സൂസമ്മ ജോണുമാണ് ഐരവണ്‍ വില്ലേജിലെ ബ്ലോക്ക് 34ൽ സർവേ 125/2ൽപ്പെട്ട സ്ഥലം ദുരിതബാധിതരെ സഹായിക്കുന്നതിനായി സർക്കാരിലേക്ക് വിട്ടുനൽകിയത്. ഇന്നലെ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ പി.ബി.നൂഹിന് ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി.
കോന്നി താലൂക്ക് ഓഫീസിൽ നിന്ന് സ്ഥലത്തിന്റെ സ്കെച്ച്, മറ്റ് വിവരങ്ങൾ എന്നിവയുമായി ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. 84 സെന്റ് സ്ഥലം വീട് വയ്ക്കുന്നതിന് അനുയോജ്യമായതാണ്. 40 സെന്റ് സ്ഥലം പാറയാണ്.
ആവശ്യമുള്ളപക്ഷം പാറകൾ പൊട്ടിച്ച് മാറ്റുന്നതിന് സഹായം നൽകാൻ തയാറാണെന്നും ഉടമകൾ ജില്ലാ കളക്ടറെ അറിയിച്ചു. അടുത്ത ദിവസം തന്നെ നേരിട്ട് സ്ഥലപരിശോധന നടത്തി സ്ഥലം സർക്കാരിലേക്ക് മുതൽകൂട്ടുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സർക്കാരിന്റെ നിർദേശമനുസരിച്ച് സ്ഥലം പ്രളയബാധിതരായ ആളുകൾക്ക് സഹായകരമായ രീതിയിൽ വിനിയോഗിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ പ്രളയക്കെടുതിയിൽ 799 പേർക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ 28ഓളം പേർക്ക് സ്ഥലവും വീടും നഷ്ടമായിട്ടുണ്ട്.