പത്തനാപുരം: മാതാപിതാക്കളാണ് മക്കളുടെ ആദ്യ ഗുരുവെന്നും അച്ഛനന്മമാരില് നിന്നും നേടുന്ന അറിവുകളാണ് ഒരു കുട്ടിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതെന്നും സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന് കോടി. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന 1412-ാം ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കാന്‍ മടി കാണിക്കുന്ന ഒരു സമൂഹമാണിന്നുള്ളത്. വൃദ്ധരായ അച്ഛനമ്മമാര്‍ ഉപയോഗശൂന്യരാണെന്ന ധാരണ സമൂഹത്തില്‍ കൂടുകയാണെന്നും മക്കളെ വളര്‍ത്തി വലുതാക്കി ഉന്നത നിലകളില്‍ എത്തിക്കുമ്പോള്‍ മാതാപിതാക്കള്‍ അധികപ്പറ്റാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം കുടുംബങ്ങളില്‍ പോലും ഒറ്റപ്പട്ടുകഴിയുന്ന വയോജനങ്ങളുടെ എണ്ണം ഏറിവരികയാണെന്നും അവര്‍ പറഞ്ഞു.
നമ്മുടെ ജീവിത്തിലുണ്ടാകുന്ന ദുഃഖങ്ങള്‍ മാറ്റുവാന്‍ നാം തന്നെയാണ് ശ്രമിക്കേണ്ടത്. എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും അതില്‍ പതറാതെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയുമ്പോഴാണ് വിജയമുണ്ടാവുക. സമാധാനത്തോടെ ജീവിക്കുക എന്നത് മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. നാം എങ്ങനെയായിരിക്കണമെന്നതും നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്.
ജീവിതാവസാനത്തിനുശേഷവും ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നിരുന്നു എന്നതിന് ചില അടയാളപ്പെടുത്തലുകള്‍ സമൂഹത്തിന് നല്കാന് കഴിയണം. അങ്ങനെ നല്കുവാന് കഴിഞ്ഞെങ്കില്‍ മാത്രമേ ജീവിതം ധന്യമാവുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, അഡ്വ.എന്‍.സോമരാജന്, പി.എസ് അമല്‍രാജ്, ജി. ഭുവനചന്ദ്രന്, പ്രസന്ന സോമരാജന്, ടി.ഡി ജോസ്, പിറവന്തൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.