1994ൽ ഒരു പകൽ പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവതിയെത്തി. പേര് സൂസൻ, കരോലിന സ്വദേശി. അവളുടെ പരാതി അതീവ ഗൗരവത്തോടെയാണു പോലീസ് കണക്കിലെടുത്തത്.
തന്റെ കുഞ്ഞുങ്ങളെ കറുത്ത വർഗക്കാരനായ അപരിചിതൻ കാറിൽ തട്ടിക്കൊണ്ടു പോയി എന്നതായിരുന്നു സൂസന്റെ പരാതി.
കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ആയതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പോലീസ് ഊർജിതമായി രംഗത്തിറങ്ങി. അരിച്ചുപെറുക്കി അന്വേഷണം ആരംഭിച്ചു.
സൂസൻ പറഞ്ഞ വിവരങ്ങളുമായി അന്വേഷണം നടത്തിയിട്ടു പോലീസിനു കാര്യമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല.
ആ അപരിചിതനെക്കുറിച്ചോ അക്രമി കുട്ടികളെ കൊണ്ടുപോയെന്നു പറയുന്ന കാറിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല.
സൂചനകളില്ല!
യാതൊരു സൂചനകളും ലഭിക്കാതെ വന്നതോടെ സൂസൻ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന സംശയം പോലീസിനുണ്ടായി. അതോടെ സൂസനെ രഹസ്യമായി നിരീക്ഷിക്കാൻ അവർ തീരുമാനിച്ചു.
അവരുടെ മുൻകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം പോലീസ് അന്വേഷിച്ചു.
എന്തൊക്കെയോ വശപ്പിശകും ചേരായ്കയും അവരുടെ ഇടപെടലുകളിലുണ്ടെന്നു പോലീസ് കണ്ടെത്തി.
സൂസൻ പറയുന്ന കാര്യങ്ങളിൽ വലിയ കഴന്പില്ലെന്നു പോലീസിനു വ്യക്തമായി. ഇതോടെ സൂസനെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
ചോദ്യം ചെയ്യലിൽ സൂസൻ പതറി. മറുപടികൾ പലപ്പോഴും പരസ്പര വിരുദ്ധമായി മാറി. ഇതോടെ പോലീസ് അവരെ കാര്യമായി തന്നെ ചോദ്യം ചെയ്തു.
ഒടുവിൽ സത്യം
ഒടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഞെട്ടിക്കുന്ന കാര്യങ്ങൾ അവർ തുറന്നു പറയാൻ തുടങ്ങി.
കാണാതായെന്നു പറഞ്ഞ മക്കളെ അവർ തന്നെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തൽ കേട്ടു പോലീസും അന്പരന്നു. എങ്ങനെയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
മക്കളെ കാറിൽ അടച്ചു തടാകത്തിലേക്ക് ഉരുട്ടിവിട്ടാണ് കൊലപാതകം നടത്തിയതെന്ന് അവർ വിവരിച്ചു. ഈ വാർത്ത കേട്ട പലർക്കും അവിശ്വസനീയമായിരുന്നു.
എന്തിനാണവൾ സ്വന്തം മക്കളെ കൊന്നതെന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയർന്നത്.
തന്റെ പ്രണയമോഹം സഫലമാക്കാനാണ് സൂസൻ ഈ കൊടും ക്രൂരത നടത്തിയതെന്ന വിവരവും പുറത്തുവന്നു.
പ്രണയമോഹം
സൂസൻ ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിയുടെ മകനുമായി കടുത്ത പ്രണയത്തിലായിരുന്നു. പക്ഷേ, രണ്ടു മക്കളുടെ അമ്മയായ സൂസനെ വിവാഹം കഴിക്കാൻ മുതലാളിയുടെ മകന് ഒരു ആശങ്ക.
കുട്ടികളെ സ്വീകരിക്കുന്നതിലുള്ള വൈമുഖ്യമാണ് തന്നെ വിവാഹം കഴിക്കുന്നതിൽനിന്നു കാമുകനെ അകറ്റുന്നതെന്ന് സൂസൻ തിരിച്ചറിഞ്ഞു.
സൂസനെ വിവാഹം കഴിക്കാം പക്ഷേ, സൂസന്റെ രണ്ടു കുട്ടികളെ നോക്കാനോ അവരുടെ വളർത്തച്ഛനാകാനോ മുതലാളിയുടെ മകനു താല്പര്യമില്ലത്രേ.
കൊടുംപാതകം
തന്റെ കുട്ടികൾ തന്റെ ഭാവിക്കു ചോദ്യ ചിഹ്നമാകുന്നുവെന്നു കണ്ടതോടെ സൂസന്റെ ക്രിമിനൽ ബുദ്ധി ഉണർന്നു.
പ്രണയം തലയ്ക്കു പിടിച്ചതോടെ മക്കളെ ഒഴിവാക്കിയിട്ടെങ്കിലും കാമുകനെ സ്വന്തമാക്കാൻ അവൾ തീരുമാനിച്ചു. കൊടും ക്രൂരതയുടെ വഴിയാണവൾ തെരഞ്ഞെടുത്തത്.
പദ്ധതി ആസൂത്രണം ചെയ്തു. കുട്ടികളെ കാറിനുള്ളിലാക്കി പൂട്ടി സമീപത്തുള്ള തടാകത്തിലേക്കു കാർ ഉരുട്ടിവിട്ടു. ഇതൊരു അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പദ്ധതി.
കുട്ടികളുടെ മരണം സംഭവിച്ചാൽ അതു കറങ്ങിത്തിരിച്ചു തന്റെ തലയിൽ വരാതിരിക്കാനാണ് അപകടമെന്നു തോന്നാവുന്ന തരത്തിൽ പദ്ധതി തയാറാക്കിയത്.
മൂന്നു വയസുള്ള മൈക്കൽ, 14 മാസം മാത്രമുള്ള അലക്സ് എന്നീ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ, അതും സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ അവൾ കൊലയ്ക്കുകൊടുത്തു.
എന്നാൽ, പോലീസിന്റെ ചെറിയ സംശയം അവളുടെ പദ്ധതികൾ പൊളിച്ചു. 14 വർഷം കഠിന തടവാണ് കൊടുംക്രൂരതയ്ക്കു കോടതി നൽകിയത്.
തയാറാക്കിയത്: എൻ.എം