ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോര്ട്ട് നല്കിയതിനു തൊട്ടുപിന്നാലെ എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വന്നു.ടൈംസ് നൗ ചാനലാണ് ഇത്തരമൊരു ഓഡിയോ ടേപ്പ് ഉണ്ടെന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിന്റെ തലവനായ ഡോ. സുധീർ ഗുപ്ത നടന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും റിപ്പോർട്ട് നൽകിയിരുന്നു.
സെപ്റ്റംബർ 29-നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചത്.
നേരത്തെ സുശാന്തിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടർമാരുടെ റിപ്പോർട്ടും.
ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ നടന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചു. സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് 200 ശതമാനം ഉറപ്പാണെന്നും ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിംഗ് വ്യക്തമാക്കിയിരുന്നു.
എന്നാൽ വികാസ് സിംഗിന്റെ വാദങ്ങൾ തെറ്റാണെന്നായിരുന്നു ഡോ. സുധീർ ഗുപ്തയുടെ പ്രതികരണം.
എന്നാൽ വികാസ് സിംഗിന്റെ വാദം സാധൂകരിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.