പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിന്റെ പേരില്‍ ഹണിമൂണ്‍ യാത്ര അവതാളത്തിലായ യുവമിഥുനങ്ങളുടെ രക്ഷയ്ക്കെത്തി വിദേശകാര്യമന്ത്രി സുക്ഷമസ്വരാജ്. അതും ഒരൊറ്റ ട്വീറ്റിലൂടെ. പ്രഫഷണല്‍ ഫോട്ടോഗ്രാഫറായ ഫെയസാന്‍ പട്ടേലിനും ഭാര്യ സനാ ഫാത്തിമയ്ക്കുമാണ് മന്ത്രിയുടെ കാരുണ്യം തുണയായത്.
ഇറ്റലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. ഓഗസ്റ്റ് ആറിന് യാത്ര തിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഫാത്തിമയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം വൈകിയാണ് ഇവര്‍ അറിയുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം ഫെയസാന്‍ ട്വീറ്റ് ചെയ്തു. പോകുന്നതിന് മുമ്പ് പാസ്പോര്‍ട്ട് കണ്ടെത്താമെന്ന് കരുതിയിരുന്ന ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ പാസ്പോര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. സുക്ഷമ സ്വരാജിനെ ടാഗ് ചെയ്തിരുന്നതിനാല്‍ ട്വീറ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഭാര്യയെക്കൂടാതെ താന്‍ ഇറ്റലിക്കു തിരിക്കുകയാണെന്നും രണ്ട് ടിക്കറ്റ് കയ്യിലുള്ളതിനാലാണ് തനിച്ച് പോകാന്‍ തീരുമാനിച്ചതെന്നും പാസ്പോര്‍ട്ട് കണ്ടെത്തി ഭാര്യ ഒപ്പം ഉടന്‍ ചേരുമെന്ന് കരുതുന്നതായും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സീറ്റിന് സമീപമുള്ള സീറ്റില്‍ ഭാര്യയുടെ ചിത്രം പതിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സുക്ഷമയുടെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തന്നെ വിളിക്കാന്‍ ഭാര്യയോട് പറയാന്‍ ഫെയസാനിനോട് നിര്‍ദേശിച്ചു. അടുത്തദിവസം തന്നെ ഭാര്യ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പും സുക്ഷമ നല്കി. മന്ത്രി പറഞ്ഞതുപോലെ ഉദ്യോഗസ്ഥര്‍ ഫാത്തിമയെ ബന്ധപ്പെടുകയും ഡൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു.