തിരുവനന്തപുരം: സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം അനുശോചിച്ചു. പാർലമെന്റിലും പൊതുരംഗത്തും തന്റെ കർത്തവ്യങ്ങൾ അത്യന്തം ശ്രേഷ്ഠവും ആത്മാർഥമായും കാര്യക്ഷമമായും നിറവേറ്റിയ സുഷമ സ്വരാജിന്റെ നിര്യാണം അതീവദുഖകരമാണ്. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ പ്രവാസികൾക്ക്, വിശേഷിച്ച് കേരളീയർക്കുവേണ്ടി നടത്തിയ സമയോചിതമായ ഇടപെടലുകൾ സൂചിപ്പിക്കുന്നത് ജനക്ഷേമത്തോടുള്ള പ്രതിബദ്ധതയാണെന്നും ഗവർണർ അനുസ്മരിച്ചു.
അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സുഷമാ സ്വരാജിന്റെ വിയോഗം രാജ്യത്തിന് നഷ്ടം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദേശത്ത് കുടുങ്ങിയ മലയാളികൾക്ക് വേണ്ടി കത്തെഴുതുമ്പോഴും ട്വീറ്റ് ചെയ്യുമ്പോഴും ചടുലമായി നടപടി എടുത്ത മന്ത്രി ആയിരുന്നു സുഷമാ സ്വരാജ്. അവരുടെ വിയോഗം രാജ്യത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും സ്നേഹിതരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ അനുശോചിച്ചു
തിരുവനന്തപുരം: മുൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജ്. വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ബാവാ അനുസ്മരിച്ചു.