ന്യൂഡൽഹി: സുഷമ സ്വരാജിന്റെ മരണത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായം അവസാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ എഴുതിയ കുറിപ്പിലായിരുന്നു മോദിയുടെ അനുശോചനം.
പൊതുനൻമയ്ക്കുവേണ്ടിയും പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച നേതാവിന്റെ മരണത്തിൽ ഇന്ത്യ ദുഖിക്കുനെന്നു പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ആളുകൾക്ക് സുഷമ സ്വരാജ് പ്രചോദനമായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി.
ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സുഷമയുടെ അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചത്.
കാഷ്മീർ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, മന്ത്രിസഭയുടെ മാനുഷിക മുഖമായും പ്രവർത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവർ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു.