ന്യൂഡൽഹി: ദീപാവലി ദിവസം പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള മെഡിക്കൽ വീസ അപേക്ഷകൾ തീർപ്പാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. അർഹരായ പാക് പൗരന്മാർക്ക് എല്ലാവർക്കും മെഡിക്കൽ വീസ ലഭ്യമാക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ നിന്നുള്ള അംന ഷാമിൻ എന്ന യുവതിയുടെ പിതാവ് ഡൽഹിയിൽ ചികിത്സയിൽ കഴിയുകയാണ്. പിതാവിനെ സന്ദർശിക്കുന്നതിനായി ഇന്ത്യൻ വീസയ്ക്ക് ഇവർ അപേക്ഷിച്ചിരുന്നു. സഹായം അഭ്യർഥിച്ച അംനയോട് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെടാനും വീസ ലഭ്യമാക്കുമെന്നും സുഷമ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിൽ നിന്നുള്ള ഒരു കുട്ടിക്ക് ചികിത്സക്കായി ഇന്ത്യൻ വീസ അനുവദിക്കാൻ സുഷമ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്കു നിർദേശം നൽകിയിരുന്നു. കുട്ടിയുടെ പിതാവ് കാസിഫ് സുഷമയോട് വീസ അനുവദിക്കണമെന്ന് ട്വിറ്ററിൽ അഭ്യർഥിച്ചിരുന്നു. കരൾ ശസ്ത്രക്രിയ ആവശ്യമായ മറ്റൊരു പാക്കിസ്ഥാനി യുവതിക്കും എട്ടുവയസുള്ള കുട്ടിക്കും സുഷമ ഇടപെട്ട് കഴിഞ്ഞ ദിവസം വീസ അനുവദിച്ചിരുന്നു.