ബോളിവുഡിനെ ഞെട്ടിച്ച മരണമായിരുന്നു യുവനടൻ സുശാന്ത് സിംഗിന്റേത്. സുശാന്തിന്റെ മരണത്തോടെ നിരവധി വിവാദങ്ങളും വാർത്തകളുമാണ് ബോളിവുഡിൽനിന്നു വന്നുകൊണ്ടിരിക്കുന്നത്.
പല ഉന്നതരെയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും അന്വേഷണസംഘം ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
2019-ൽ റിയയുമായുള്ള യൂറോപ്പ് യാത്രയ്ക്കു ശേഷമാണ് സുശാന്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങിയതെന്നാണ് സുഹൃത്തുക്കളും ജോലിക്കാരും വെളിപ്പെടുത്തിയത്.
2019 ഒക്ടോബറിലാണ് റിയയും സുശാന്തും ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ അവധി ആഘോഷിക്കുന്നതിനായി പോയത്. റിയ ആദ്യമായി സുശാന്തിനൊപ്പമുളള ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ആ ട്രിപ്പിനിടെ എടുത്ത ഒരു ഫോട്ടോയായിരുന്നു.
സുശാന്തിന്റെ 33-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും യാത്ര പോകുന്പോൾ തങ്ങളുടെ ബന്ധം ഇവർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ അവരവരുടെ സ്വന്തം ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തത്.
ഇരുവരും ഒത്തുള്ള ആ യാത്രയ്ക്കു ശേഷമാണ് സുശാന്തിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നും അവശനായി കാണാൻ തുടങ്ങിയതെന്നും താരത്തിന്റെ മുൻ പാചകക്കാരനായ നീരജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അലസനും ക്ഷീണിതനുമായിരുന്ന സുശാന്തിന് റിയ പിന്നീട് മരുന്നുകൾ നൽകിയിരുന്നതായും നീരജ് പറഞ്ഞു. നാലു വർഷം സുശാന്ത് സാറിനൊപ്പം ജോലി ചെയ്തു. അദ്ദേഹത്തിനു വയ്യാതായശേഷം റിയയായിരുന്നു കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.
ഇതൊക്കെ തുടങ്ങുന്നത് യൂറോപ്പ് ട്രിപ്പിനു ശേഷമാണ്. ആദ്യമൊക്കെ ഞങ്ങൾ വിചാരിച്ചത് അദ്ദേഹത്തിന് ഡെങ്കിപ്പനിയാണെന്നാണ്. ഇപ്പോഴാണ് അത് ഡിപ്രഷൻ കൊണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്- നീരജ് പറഞ്ഞു.
സുശാന്തിന്റെ അക്കൗണ്ടിൽ നിന്നു കോടികൾ അപ്രത്യക്ഷമായെന്നു സുശാന്തിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.