ന്യൂഡല്‍ഹി∙ ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അടുത്ത വർഷം മാർച്ചിൽ വിവാഹം ചെയ്യാനിരിക്കുകയായിരുന്നെന്ന് പിതാവ് കെ.കെ. സിംഗ്. കൊറോണ വൈറസ് സമയം വിവാഹം ചെയ്യാൻ സുശാന്തിന് താത്പര്യമുണ്ടായിരുന്നില്ല.
ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്ത ശേഷം 2021 ഒാടെ വിവാഹം ചെയ്യാമെന്ന് സുശാന്ത് പറഞ്ഞതായും പിതാവ് ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. എന്നാൽ സുശാന്ത് വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയുടെ പേരുവിവരങ്ങൾ കെ. കെ. സിംഗ് വെളിപ്പെടുത്തിയില്ല.
റിയ ചക്രവര്‍ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ അദേഹം തള്ളി. ജൂൺ 14ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മാസങ്ങളായി അദ്ദേഹം മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന് കെ.കെ. സിംഗ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സുശാന്ത് വിളിച്ചിരുന്നു.
സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദിൽ ബേചാരാ ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മെയ് മാസത്തില്‍ ആയിരുന്നു ദില്‍ ബേചാരുടെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ കോവിഡിനെ തുടര്‍ന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശനത്തിന് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സഞ്ജനയാണ് ചിത്രത്തില്‍ നായിക.