കോഴിക്കോട്: ഐഎസ്എൽ ചരിത്രത്തിലെ തന്നെ മനോഹരമായ ഗോളുകളിൽ ഒന്നിന്റെ ഉടമ സുശാന്ത് മാത്യു പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിക്കുന്നു. മലയാളി താരമായ സുശാന്ത് തന്നെയാണു വിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്.
ജീവിതത്തിൽ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാൻ. ഫുട്ബോൾ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു. ഇത്രയും കാലം സ്വപ്നതുല്ല്യമായ ജീവിതമാണ് ഫുട്ബോൾ നൽകിയത്. കളിച്ച ക്ലബ്ബുകൾക്കും പരിശീലിപ്പിച്ചവർക്കുമെല്ലാം നന്ദി പറയുന്നു- സുശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്, വാസ്കോ എസ്സി ഗോവ, റെഡ് ഡെവിൾസ്, മഹീന്ദ്ര യുനൈറ്റഡ്, നെരോക എഫ്സി, പൂന സിറ്റി, എഫ്സി കൊച്ചിൻ, തുടങ്ങി നിരവധി ക്ലബുകൾക്കായി സുശാന്ത് മാത്യു കളിച്ചിട്ടുണ്ട്. 1997-ൽ എഫ്സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം.
2015-ൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി നേടിയ ലോംഗ് റേഞ്ചർ ഗോളിന്റെ പേരിലാണ് സുശാന്തിനെ ഇപ്പോഴും കളി ആരാധകർ ഓർമിക്കുന്നത്.