പൊന്‍കുന്നം: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്കുന്നത്തിന്റെ മരുമകന്. പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗം ജെസി ജോര്‍ജാണ് മോഡിയുടെ ഭാര്യ. ഗവേഷണ പഠനകാലത്തു സഹപാഠിയായിരുന്നു ജെസി ജോര്‍ജ്. 1987ലായിരുന്നു വിവാഹം.
മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പൊന്‍കുന്നം അഴീക്കല്‍ എ.സി.ജോര്‍ജിന്റെയും റോസിയുടെയും മകളാണ് ജെസി. വര്‍ഷങ്ങളായി മുംബൈയില്‍ താമസമായിരുന്നു ജോര്‍ജിന്റെ കുടുംബം. ഇക്കാലയളവിലാണ് മോഡിയും ജെസിയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. പൊന്‍കുന്നത്ത് തറവാട്ടു വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ജെസി ജോര്‍ജിന്റെ അച്ഛന്റെ ഇളയ സഹോദരന് എ.സി.ജോണിന്റെ മകന് ജോര്‍ജാണ്.
വാഴൂര്‍ 17-ാം മൈലില്‍ അച്ഛന്റെ സഹോദരിയുടെ മക്കളായ മറ്റത്തില്‍ മോഹന്‍ തോമസ്, രാജന് തോമസ്, ബാബു തോമസ്, ബോബന് തോമസ് എന്നിവരും താമസിക്കുന്നുണ്ട്.മോഡി കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തും ചങ്ങനാശേരിയിലും പൊന്കുന്നത്തുമുള്ള ബന്ധു വീടുകളിലെത്തിയിരുന്നു. ഭാര്യാപിതാവിന്റെ സഹോദരി പുത്രനായ ജേക്കബ് റസ്കിന്റെ കഞ്ഞിക്കുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്.