നാദാപുരം: രാഷ്ട്രീയത്തിനതീതമായി സനേഹ ബന്ധം കാത്തു സൂക്ഷിച്ച സുഷമാ സ്വരാജിന്റെ സൗഹൃദം നാദാപുരം പാറക്കടവിലും. സോഷ്യലിസ്റ്റ് പാര്ട്ടിയിലായിരുന്നപ്പോള് സൗഹൃദത്തിലായിരുന്ന പാറക്കടവിലെ സി.എച്ച്. മായന്‍ ഹാജിയുടെ കുടുംബവുമായി ഏറെക്കാലം അവര്‍ സൗഹൃദം നിലനിര്‍ത്തി. പാറക്കടവ് ചെറ്റക്കണ്ടി റോഡിലെ മൂക്കോത്ത് വീട്ടിൽ സി.എച്ച്. മായിൻഹാജി മേഖലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു.
എഴുപതുകളില്‍ സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്, പി.ആര്. കുറുപ്പ്, എം.പി. വിരേന്ദ്രകുമാര്‍ എന്നിവരുടെ സന്തത സഹചാരിയായ മായന്‍ ഹാജി സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ സമിതി അംഗം, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
അന്തരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസാണ് പ്രിയപ്പെട്ട ശിഷ്യയെന്ന് സംബോധന ചെയ്ത് സുഷമസ്വരാജിനെ മായന്‍ ഹാജിക്ക് പരിചയപ്പെടുത്തിത്. തുടര്‍ന്ന് കേരളത്തിലെത്തുമ്പോഴൊക്കെ സൗഹൃദം പുതുക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സുഷമ സ്വരാജ് ബിജെപിലെത്തിയിട്ടും മായന്‍ ഹാജി അവരെ കാണാന്‍ പോയിരുന്നു. ഇരുപത്തി ഒന്ന് കൊല്ലം മുന്‍പ് മായന്‍ഹാജി മരിച്ചപ്പോള്‍ ആദ്യം വന്ന അനുശോചന സന്ദേശങ്ങളിലൊന്ന് സുഷമ സ്വരാജിന്റേതായിരുന്നു. അവിടെയും അവസാനിച്ചില്ല സുഷമാജിയുമായുള്ള ബന്ധം.
മായന്ഹാജിയുടെ മകന് ഫൈസല്‍ ഡല്‍ഹിയിലെത്തി സുഷമയെ കണ്ട് പരിചയപ്പെട്ടപ്പോള്‍ കുടുംബത്തേക്കുറിച്ച് ചോദിച്ചറിയുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതായി ഫൈസല്‍ ഓര്‍ക്കുന്നു. എല്ലാ പുതുവത്സര ദിനത്തിലും അവരുടെ സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും ഫൈസല്‍ പറഞ്ഞു.