ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും കരുത്തയായ വനിതാ നേതാവ്- സുഷമ സ്വരാജിന് ഈ വിശേഷണം നൽകുന്നതിൽ ഒട്ടും അതിശയോക്തിയില്ല. രാഷ്ട്രീയത്തിലും ഭരണരംഗത്തും ഇത്തരത്തിൽ മികവ് തെളിയിച്ച വനിതാ നേതാക്കൾ ബിജെപിയിൽ ചുരുക്കം. സ്മൃതി ഇറാനി, നിർമല സീതാരാമൻ തുടങ്ങി മോദിയുടെ ഇഷ്ടക്കാർ മന്ത്രിസഭയിൽ എത്തിയെങ്കിലും സുഷമ സ്വരാജ് പ്രകടനമികവിലൂടെ വേറിട്ടുനിന്നു.
അംബാലയിലെ അഗ്നിജ്വാല
1953 ഫെബ്രുവരി 14-ന് ഹരിയാനയിലെ അംബാലയിലായിരുന്നു സുഷമ സ്വരാജിന്റെ ജനനം. മികച്ച പ്രസംഗികയായിരുന്നു. ആർഎസ്എസ് പ്രവർത്തകനായിരുന്ന അച്ഛൻ ഹർദേവ് ശർമ ലാഹോറിൽനിന്നാണ് ഹരിയാനയിൽ എത്തിയത്. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് ബിരുദം പൂർത്തിയാക്കിയ സുഷമ, പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമം പഠിച്ചു. 1973-ൽ സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു തുടങ്ങി.
1970 ൽ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. മികച്ച പ്രാസംഗിക ആയിരുന്ന സുഷമ പെട്ടെന്നുതന്നെ ദേശീയ രാഷ്ട്രീയത്തിന്റെ കണ്ണിൽപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രചാരണത്തിന്റെ മുൻനിരയിൽ സുഷമയുണ്ടായിരുന്നു.
25-ാം വയസില് മന്ത്രി
1977-ൽ ആണ് ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1977-ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്പോൾ 25 വയസായിരുന്നു സുഷമയുടെ പ്രായം. രണ്ടു വർഷത്തിനു ശേഷം 1979-ൽ ഹരിയാന സംസ്ഥാന ജനതാ പാർട്ടി അധ്യക്ഷയുമായി. 1987- അംബാലയിൽനിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്നു വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. ഏഴു തവണ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, എ.ബി. വാജ്പേയി മന്ത്രിസഭകളിലെ വാർത്താവിതരണം, പാർലമെന്ററി കാര്യം, ആരോഗ്യം വകുപ്പുകളുടെ മന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ബിജെപിയുടെ മാനുഷികമുഖം
സുഷമ സ്വരാജ് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് കരുതപ്പെട്ടെങ്കിലും നരേന്ദ്ര മോദി അപ്രതീക്ഷിതമായി നേതൃത്വത്തിലേക്കു വരികയും പാർട്ടിയുടെ നിയന്ത്രണം കൈയടക്കുകയുമായിരുന്നു. എന്നിരുന്നാലും ഒന്നാം മോദി സർക്കാരിന്റെ മാനുഷിക മുഖമായി വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് വിശേഷിപ്പിക്കപ്പെട്ടു.
വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവർ പ്രത്യേക ശ്രദ്ധചെലുത്തി. പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവർ നേടി.
ആദ്യ വനിതാ വക്താവ്
രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന നേട്ടവും സുഷമക്കു സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. ഇവർ രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിട്ടുണ്ട്. ബൻസൂരി ഏക പുത്രിയാണ്.