രണ്ട് സുന്ദരിമാർ ചേർന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 1994. മിസ് യൂണിവേഴ്സ്, മിസ് വേൾഡ് എന്നീ രണ്ട് നേട്ടങ്ങളാണ് ഇരുവരും ചേർന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. മിസ് യൂണിവേഴ്സായി സുസ്മിത സെൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഐശ്വര്യ റായി ആയിരുന്നു മിസ് വേൾഡ്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ രണ്ട് നേട്ടങ്ങൾ ഒരു വർഷം തന്നെ വരുന്നത്. മിസ് യൂണിവേഴ്സും ബോളിവുഡിലെ മുൻനിര നായികയുമായിരുന്ന സുസ്മിത സെന്നിന്റെ ഒരു വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. താൻ മത്സരത്തിന് പോയപ്പോൾ ധരിച്ച വസ്ത്രത്തെ കുറിച്ച് പറഞ്ഞ വീഡിയോ ആയിരുന്നു വൈറലായത്.
ഇപ്പോഴിതാ ഐശ്വര്യ റായിയും താനും തമ്മിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുകയാണ് നടി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കുകയും വിജയിക്കുയും ചെയ്തു.
ആ വർഷം തന്നെയായിരുന്നു മിസ് ഇന്ത്യ റണ്ണറപ്പായ ഐശ്വര്യ റായി മിസ് വേൾഡ് മത്സരത്തിലൂടെ വിജയിച്ചത്. എന്നാൽ അതേ വർഷം തന്നെ ഐശ്വര്യ റായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് സുസ്മിത സെൻ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ സുസ്മിതയും ഐശ്വര്യയും ഒപ്പത്തിനൊപ്പം എത്തി. ടൈ ബ്രേക്കർ റൗണ്ടിലാണ് സുസ്മിത ഐശ്വര്യയെ തോൽപ്പിച്ചത്. ഈ മത്സരത്തിൽ മലയാളി കൂടിയായ നടി ശ്വേത മേനോൻ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
എന്നാൽ അന്ന് പതിനെട്ട് വയസുകാരിയായിരുന്ന സുസ്മിത സെൻ മത്സരത്തിൽ പങ്കെടുക്കാൻ ഭയപ്പെട്ടിരുന്നു. കാരണം ഐശ്വര്യ റായിയുടെ സാന്നിധ്യമായിരുന്നു. മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചതിനാൽ ഐശ്വര്യ നേരത്തെ തന്നെ പ്രശസ്തിയിലേക്ക് എത്തിയിരുന്നു.
ഐശ്വര്യയെ പോലെ ഒരാൾ മത്സരിക്കാനുള്ളപ്പോൾ തനിക്ക് വിജയിക്കാൻ സാധിക്കുമോ എന്ന് പേടി സുസ്മിതയ്ക്കുണ്ടായിരുന്നു. അത് കൊണ്ട് മത്സരത്തിന് അയച്ച അപേക്ഷ പിൻവലിക്കാൻ സുസ്മിത തീരുമാനിച്ചു.
പക്ഷ അമ്മയുടെ ശക്തമായ എതിർപ്പ് മൂലം ആ തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒടുവിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാ റൗണ്ടുകളിലും ഐശ്വര്യ റായി മുന്നിട്ട് നിന്നിരുന്നതിനാൽ തോൽക്കുമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്.
പിന്നീട് ഐശ്വര്യ റായി ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുത്ത അനൗണ്സ്മെന്റ് വന്നപ്പോഴെക്കും സുസ്മിത കരയാൻ ആരംഭിച്ചിരുന്നു. റണ്ണറപ്പ് പോലും ആവാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു അതിന് ശേഷം വിന്നറെ പ്രഖ്യാപിച്ചപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും സുസ്മിത പറയുന്നു.
അന്ന് മത്സരത്തിന് വന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ സരോജിനി നഗറിലുള്ള ഒരു ലോക്കൽ ടൈലറാണ് തനിക്ക് അതൊക്കെ തുന്നിത്തന്നത്. നാല് ഗൗണ് ആയിരുന്നു മിസ് ഇന്ത്യ മത്സരത്തിൽ ധരിക്കേണ്ടിയിരുന്നത്.
ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നു വരുന്നതിനാൽ അതിന്റേതായ പരിമിതികൾ തനിക്കുണ്ടായിരുന്നു. എന്റെ അമ്മ ചോദിച്ചു. അതിനിപ്പോ എന്താണു കുഴപ്പം.
അവർ നിന്റെ വസ്ത്രത്തിലല്ല നോക്കുക. നിന്നെയാണ്. അത് കൊണ്ട് ഞങ്ങൾ സരോജിനി നഗറിലെ മാർക്കറ്റിൽ പോയി തുണിത്തരങ്ങൾ വാങ്ങി ഒരു ലോക്കൽ ടെയ്ലറിന് കൊടുത്തു.
ഇത് ടിവിയിൽ വരും. അത് കൊണ്ട് നന്നായി തുന്നണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അയാൾ ജോലി മനോഹരമായി ചെയ്യുകയും ചെയ്തു.
സൗന്ദര്യ മത്സരത്തിലെ വിജയത്തിന് ശേഷം ഫാഷൻ ലോകത്തും സിനിമാ രംഗത്തും സുസ്മിതയെക്കാൾ പ്രശസ്തി നേടിയത് ഐശ്വര്യ റായ് ആയിരുന്നു. അതുകൊണ്ട് തന്നെ സുസ്മിതയും ഐശ്വര്യയും തമ്മിൽ അത്ര രസത്തിലല്ലെന്നും ഗോസിപ്പുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയും സുസ്മിത പങ്കുവെച്ചു.
“ഞാനും ഐശ്വര്യയും തമ്മിൽ ഉൗഷ്മളമായ ബന്ധമാണുള്ളത്. ഞങ്ങൾ എന്തിന് വഴക്കിടണം. എന്തിന് പിണങ്ങണം? അടുത്ത സുഹൃത്തുക്കൾ എന്ന് വിളിക്കാനാവില്ലെങ്കിലും ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്’- സുസ്മിത പറഞ്ഞു.