താന്‍ എന്തു കൊണ്ട് അവിവാഹിതയായി കഴിയുന്നു; വിവാഹം കഴിക്കാതെ അമ്മയായതിനെക്കുറിച്ച് വെളിപ്പെടുത്തി സുസ്മിതാ സെന്‍…

SUS699വിശ്വസുന്ദരിയായ അന്നു മുതല്‍ സുസ്മിതാ സെന്‍ ഇന്ത്യയിലെ എണ്ണപ്പെട്ട സെലിബ്രിറ്റികളിലൊരാളാണ്. ബോളിവുഡില്‍ ഒട്ടേറെച്ചിത്രങ്ങളില്‍ അഭിനയിച്ച് ഈ നടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഇപ്പോള്‍ പ്രായം 41 ആയെങ്കിലും ആ സൗന്ദര്യത്തിന് മങ്ങലേറ്റിട്ടില്ല. എന്നാല്‍ പ്രായം ഇത്രയായിട്ടും താരം കല്യാണം കഴിക്കാത്തതാണ് ആരാധകരെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത്. എന്നാണു വിവാഹം, ഇത്രയും പ്രായമായില്ലേ ഇനി എന്നത്തേക്കു മാറ്റിവെക്കാനാണ്, ദത്തുപുത്രിമാര്‍ വളര്‍ന്നില്ലേ ഇനി സ്വതന്ത്രയായല്ലോ ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചൂടെ തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാകണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്‌ക്കൊപ്പം എന്തുകൊണ്ടാണ് താന്‍ സിംഗിള്‍ ആയി കഴിയുന്നതെന്ന് താരം വ്യക്തമാക്കിയത്.

കല്യാണത്തേക്കുറിച്ച് ചോദിക്കുന്നവരോട് എന്തു കൊണ്ട് സിംഗിളായി കഴിഞ്ഞുകൂടാ എന്ന മറുചോദ്യമാണ് സുസ്മിത ചോദിക്കുന്നത്. താന്‍ തന്റെ നിലപാടില്‍ സുരക്ഷിതയാണെന്നും ഇങ്ങനെയിരിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവരുടെ നിലപാടുകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും കഴിയുന്നുണ്ടെന്നും നടി പറയുന്നു. സിംഗിള്‍ ആയാലും ഡബിള്‍ ആയാലും നമ്മള്‍ വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

മുമ്പ് സംവിധായകന്‍ വിക്രം ഭട്ടുമായും നടന്‍ രണ്‍ദീപ് ഹൂഡയുമായും ചേര്‍ത്ത് സുസ്മിതയുടെ പേര് ഗോസിപ് കോളങ്ങളില്‍ ഇടംപിടിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. 23 വര്‍ഷം മുമ്പ് മനിലയില്‍ വച്ചു നടന്ന വിശ്വസുന്ദരി മത്സരത്തില്‍ വിജയിയായ സുസ്മിത 1996ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. വിവാഹം കഴിച്ചില്ലെങ്കിലും സുസ്മിത സ്‌നേഹ സമ്പന്നയായ ഒരമ്മയാണ്. റെനി, അലീസാ എന്ന രണ്ടു പെണ്‍കുട്ടികളെ സ്വന്തം അമ്മ നല്‍കുന്നതിലും സ്‌നേഹത്തോടെയാണ് സുസ്മിത വളര്‍ത്തുന്നത്. റെനിയ്ക്ക് ഇപ്പോള്‍ പതിനാറും അലീസയ്ക്ക് എട്ടും വയസ് പ്രായമായി. മക്കള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകരോടു പങ്കുവയ്ക്കാനും സുസ്മിത താത്പര്യം കാണിക്കുന്നുണ്ട്. മക്കള്‍ക്കൊപ്പം  അവധിക്കാലം അടിച്ചു പൊളിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അവിവാഹിതയായ ഈ അമ്മ.

Related posts