ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഉൗക്കൻസ് ഫൈനാൻസ് ആൻഡ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ടു വളകൾ പണയം വയ്ക്കാൻ വന്നു. വള കളിൽ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നു.
മുൻപരിചയമില്ലാത്ത സ്ത്രീ ആയതിനാൽ സ്ഥാപനയുടമ സ്ത്രീ കൊണ്ടുവന്ന വളകൾ പരിശോധിക്കുകയും സ്വർണമല്ലെന്നു തെളിയുകയും ചെയ്തു.
ഉടമ പോലീസിൽ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എടതിരിഞ്ഞി ചെട്ടിയാൽ ചിറക്കൽ വീട്ടിൽ സുസ്മിത (42) യെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
സുസ്മിതയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് സുസ്മിതയ്ക്കു പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങൾ കൈമാറുന്നത് ഒല്ലൂർ പടവരാട് സ്വദേശിയാണെന്നു മനസിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജു (33) നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിജുവിനെ ചോദ്യം ചെയ്തതിൽ നിന്നും പലയിടങ്ങളിൽ നിന്നായി മുക്കുപണ്ടം പണയം വച്ച് എട്ടു ലക്ഷം രൂപയോളം തട്ടിയെടുത്ത വിവരം പോലീസിന് ലഭിച്ചു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐ പി.ജി. അനൂപ്, എഎസ്ഐ ജഗദീഷ്, വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ, സിപിഒമാരായ വൈശാഖ് മംഗലൻ, രാഹുൽ, ഫൈസൽ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.