നെയ്യാറ്റിൻകര : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും.
നേമം സ്വദേശി റിട്ട. സബ് ഇൻസ്പെക്ടർ ബോധേശ്വരൻനായരുടെ മകൾ സുസ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് നരുവാമൂട് മുക്ക്നട കുളങ്ങരക്കോണം സോനു നിവാസിൽ കുമാര്‍ (48) നെ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
മൂന്നു ലക്ഷം രൂപ പിഴ ഇവരുടെ രണ്ട് മക്കൾക്ക് നൽകണമെന്നും പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷംകൂടി തടവ് അനുഭവിക്കണം.
ഇന്ത്യൻ ആർമിയിലെ ജോലിയിൽ നിന്നും മടങ്ങിവന്ന കുമാര്‍ ഭാര്യ സുസ്മിതയും മക്കളുമൊത്ത് നേമം ഫാർമസി റോഡിൽ ലളിത നിവാസിലായിരുന്നു താമസിച്ചിരുന്നത്.
മദ്യലഹരിയില്‍ കുമാര്‍ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായതോടെ സുസ്മിതയും മക്കളും സമീപത്തെ പിതാവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
തുടർന്ന് തിരുവനന്തപുരം കുടുംബ കോടതിയിൽ വിവാഹ മോചനത്തിനും മക്കളുടെ ചെലവിനും സ്വർണാഭരണങ്ങൾ തിരികെ കിട്ടുന്നതിനും കേസ് ഫയൽ ചെയ്തിരുന്നു.
മക്കളുടെ ചെലവിനായി മാസം അയ്യായിരം രൂപ കുമാർ നൽകാനും ഞായറാഴ്ചകളിൽ രാവിലെ 10 പത്തുമുതൽ വൈകുന്നേരം നാലുവരെ കുമാറിനൊപ്പം മക്കളെ വിടാനും മക്കളെ ശിവൻ കോവിൽ റോഡിൽവച്ച് കുമാറിന് കൈമാറാനും കോടതി ഉത്തരവിട്ടിരുന്നു.
2016 ജൂണ്‍ അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം . സംഭവദിവസം രാവിലെ പത്തിന് കുമാറെത്തി മക്കളെ ശിവൻകോവിൽ റോഡിനു സമീപത്തു നിന്നും കൊണ്ടു പോയി. വൈകുന്നേരം നാലിന് ശിവൻകോവിലിനു സമീപം മക്കളെ കാത്ത് നിന്ന സുസ്മിതയെ പ്രതി കുത്തുകയായിരുന്നു.
പ്രതിയുടെ കൈയിൽ കാണപ്പെട്ട കത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ഷരിജയുടെ മൊഴി കേസില്‍ നിർണായകമായിരുന്നു. കൂടാതെ മക്കളുടെ മൊഴിയും വഴിത്തിരിവായി .
ഗോപാൽ റാം എന്ന വ്യക്തിയായിരുന്നു സംഭവം നേരിട്ട് കണ്ട ഏക സാക്ഷി. സംഭവസ്ഥലത്തെ അനന്തപുരം സഹകരണ ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സുസ്മിതയെയും പ്രതി കുമാറിനെയും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കവിതാ ഗംഗാധരൻ ആണ് കേസിലെ വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യുഷൻ ഭാഗം 23 സാക്ഷികളെ കൂടാതെ 30 രേഖകളും കേസിലുള്‍പ്പെട്ട 15 മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. അനൂജ് എന്നിവർ കോടതിയിൽ ഹാജരായി.