വിശ്വസുന്ദരിപ്പട്ടം 21 വർഷത്തിനു ശേഷം ഇന്ത്യയിലെത്തിയതോടെ വിശ്വസുന്ദരിപ്പട്ടം സംബന്ധിച്ചുള്ള വാർത്തകൾ ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ചു കൊണ്ട് ഹര്‍നാസ് സന്ധു എന്ന 21 കാരിയായ പഞ്ചാബി സുന്ദരി വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. ചരിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യാക്കാരിയാണ് ഹര്‍നാസ്.
ഹര്‍നാസിന് മുമ്പ് വിശ്വസുന്ദരിയായി മാറിയ രണ്ട് ഇന്ത്യക്കാരികള്‍ മാത്രമാണുള്ളത്. 21 വര്‍ഷം മുമ്പ് ലാറ ദത്തയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയ തൊട്ടു മുമ്പത്തെ ഇന്ത്യക്കാരി. 2000 ലായിരുന്നു ലാറ ദത്ത മിസ് യൂണിവേഴ്സായി മാറിയത്. ആദ്യമായി വിശ്വസുന്ദരിയായ ഇന്ത്യക്കാരി സുസ്മിത സെന്‍ ആണ്. 1994 ലായിരുന്നു സുസ്മിതയുടെ നേട്ടം.
സുസ്മിതയുടെ നേട്ടം ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. ആദ്യമായി വിശ്വസുന്ദരിയാകുന്ന ഇന്ത്യക്കാരി എന്നത് മാത്രമല്ല സുസ്മിതയുടെ നേട്ടത്തെ സ്പെഷ്യല്‍ ആക്കുന്നത്. ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു സുസ്മിത ആ നേട്ടം സ്വന്തമാക്കിയത്.
മിസ് ഇന്ത്യ പട്ടം നേടിയതോടെയാണ് സുസ്മിതയെ മിസ് യൂണിവേഴ്സ് മത്സരത്തിന് അയക്കുന്നത്. മിസ് ഇന്ത്യ ആവുക ഐശ്വര്യ റായ് ആയിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഐശ്വര്യ മത്സരിക്കുന്നത് അറിഞ്ഞ് പലരും മത്സരത്തില്‍ നിന്നും പിന്മാറുക വരെ ചെയ്തിരുന്നു.
സുസ്മിതയും ആദ്യം പിന്മാറാന് ഒരുങ്ങിയതായിരുന്നു. എന്നാല്‍ അവസാന നിമിഷം അമ്മയുടെ വാക്ക് കേട്ട് മത്സരിക്കാന്‍ തയാറാവുകയായിരുന്നു. ഒടുവില്‍ ഐശ്വര്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി സുസ്മിത മിസ് ഇന്ത്യ ആവുകയായിരുന്നു.
പക്ഷെ അവിടെ തീര്‍ന്നില്ല സുസ്മിതയുടെ മുന്നിലെ വെല്ലുവിളി. പിന്നീട് സുസ്മിതയെ തേടി ചില മോശം അനുഭവങ്ങളുമെത്തിയിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സുസ്മിത തന്നെ മനസ് തുറന്നിരുന്നു. ഫിലിപ്പിന്‍സില്‍ വച്ചായിരുന്നു വിശ്വസുന്ദരി മത്സരം നടന്നിരുന്നത്. മത്സരത്തില്‍ പോകാന്‍ ഒരുങ്ങവേ സുസ്മിതയുടെ പാസ്പോര്‍ട്ട് കാണാതെയാവുകയായിരുന്നു.
അനുപമ ശര്‍മ എന്ന അന്നത്തെ പ്രമുഖ മോഡലിന് ബംഗ്ലാദേശിലെ ഒരു ഷോയ്ക്ക് പോകാന്‍ ഐഡി പ്രൂഫിന് സുസ്മിത തന്റെ പാസ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അവരുടെ പക്കലില്‍നിന്നും സുസ്മിതയുടെ പാസ്പോര്‍ട്ട് കാണാതാവുകയായിരുന്നു.
പാസ്പോര്‍ട്ട് കാണാതായ വിവരം സുസ്മിത സംഘാടകരെ അറിയിച്ചു. എന്നാല്‍ അവരില്‍ നിന്നും താരത്തിന് നേരിടേണ്ടി വന്നത് കടുത്ത അവഗണനായിരുന്നു. പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പകരം ഐശ്വര്യ റായിയെ മിസ് യൂണിവേഴ്സ് മത്സരത്തിനായി അയക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതികരണം എന്നാണ് സുസ്മിത പറയുന്നത്.
സംഘടകരുടെ ആ മനോഭാവം സുസ്മിതയെ ദേഷ്യം പിടിപ്പിച്ചു. ന്യായമായി വിജയിച്ച തനിക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സുസ്മിതയുടെ നിലപാട്. അന്ന് താന്‍ തന്റെ അച്ഛന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നാണ് സുസ്മിത പറയുന്നത്.
ഒടുവില്‍ അച്ഛന് അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിനെ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സുസ്മിതയ്ക്ക് ഫിലിപ്പിന്സീലേക്ക് പോകാനുള്ള ഏര്‍പ്പാടുണ്ടാക്കുന്നത്. ഇതോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ച സുസ്മിത നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യയില്‍ നിന്നുമുള്ള ആദ്യത്തെ വിശ്വസുന്ദരി മത്സര വിജയിയായിട്ടായിരുന്നു.
-പി.ജി.